കളഞ്ഞു കിട്ടിയ പഴ്‌സിനു പിന്നാലെ പൊലീസിന്റെ പരക്കം പാച്ചിൽ; പന്ത്രണ്ടു മണിക്കൂറിനകം ഉടമയെ കണ്ടെത്തി പഴ്‌സ് തിരികെ നൽകി

കളഞ്ഞു കിട്ടിയ പഴ്‌സിനു പിന്നാലെ പൊലീസിന്റെ പരക്കം പാച്ചിൽ; പന്ത്രണ്ടു മണിക്കൂറിനകം ഉടമയെ കണ്ടെത്തി പഴ്‌സ് തിരികെ നൽകി

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസ് എന്നാൽ, അത് ഇങ്ങനെയാകണമെന്നു വിളിച്ചു പറയുകയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഘം. പരാതിക്കാരനില്ല, പരാതിയുമില്ല.. ആരുടേതാണെന്നു പോലും അറിയില്ല.. എന്നിട്ടും, കയ്യിൽക്കിട്ടിയ ഒരു പഴ്‌സിന്റെ പിന്നാലെ മണിക്കൂറുകളോളം നടന്ന പൊലീസ് സംഘം പഴ്‌സ് യഥാർത്ഥ ഉടമയുടെ കയ്യിൽ തിരികെ എത്തിച്ചു. അരലക്ഷം രൂപയും, എടി.എം കാർഡും, ആധാർ കാർഡും, ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പഴ്‌സാണ് നഗരമധ്യത്തിൽ പൊലീസിന്റെ കയ്യിൽ കളഞ്ഞു കിട്ടിയത്. അരലക്ഷത്തോളം രൂപയടങ്ങിയ പഴ്‌സ് കെഎസ് ആർടി സ്റ്റാൻഡിൽ നിന്ന് ഡ്യൂട്ടിയിലുള്ള പോലീസ് ഞായറാഴ്ച രാത്രിയിലാണ് വെസ്റ്റ് സ്‌റ്റേഷനിൽ എത്തിച്ചത്. പഴ്‌സിൽ എടിഎം കാർഡും പണവും മാത്രമാണുണ്ടായിരുന്നത്. അലഹബാദ് ബാങ്കിന്റേതായിരുന്നു എടിഎം കാർഡ്. സിഐ നിർമൽ ബോസിന്റെ നിർദേശ പ്രകാരം എസ്‌ഐ വി.സി.ബിജു, എഎസ്‌ഐ പ്രദീപ്കുമാർ എന്നിവർ ഉടനെ ബാങ്കുമായി ബന്ധപ്പെട്ടു. കാർഡ് നമ്പർ പറഞ്ഞപ്പോൾ ബാങ്ക് അധികൃതർ എടിഎം കാർഡുടമയുടെ വിലാസവും ഫോൺ നമ്പരും നല്കി. ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ ഫാ. അലക്‌സ് എന്നയാളുടേതാണ് പഴ്‌സ് എന്നറിഞ്ഞത്. കോട്ടയത്ത് എത്തിയ ഫാ.അലക്‌സ് തിരികെ പോകുമ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടത്. ഉടനെ തിരികെ വന്ന് വെസ്റ്റ് സ്റ്റേഷനിലെത്തി പഴ്‌സ് വാങ്ങി കേരളാ പോലീസിന് നന്ദി പറഞ്ഞ് അദേഹം തമിഴ്‌നാട്ടിലേക്ക് മടങ്ങി.