പിഎസ്‍സി കോഴക്കേസ്: ഇടപാടിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കണം, തെളിവുകളുമായി വരാൻ തയ്യാറായ പലരും പിന്മാറുകയാണ്, എല്ലാം സിപിഎമ്മിന്റെ ഇരുമ്പ് മറയ്ക്കുള്ളിൽ; യൂത്ത് കോൺഗ്രസ് നേതാവായ വൈശാൽ എസിപി ഓഫീസിൽ എത്തി മൊഴി നൽകി
കോഴിക്കോട്: സിപിഎം നേതാവിനെതിരെയുള്ള പിഎസ്‍സി കോഴക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവായ വൈശാൽ മൊഴി നൽകി.
മെഡിക്കൽ കോളേജ് എസിപി ഓഫീസിൽ എത്തിയാണ് വൈശാൽ കല്ലാട്ട് മൊഴി നൽകിയത്. വിഷയത്തിൽ പരാതിക്കാരനാണ് വൈശാൽ കല്ലാട്ട്. പരാതിക്ക് ബലം നൽകുന്ന വിവരങ്ങൾ പോലീസിന് കൈമാറിയെന്നു വൈശാൽ പറഞ്ഞു.
ഇടപാടിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കണം. തെളിവുകളുമായി വരാൻ തയ്യാറായ പലരും പിന്മാറുകയാണ്. എല്ലാം സിപിഎമ്മിന്റെ ഇരുമ്പ് മറയ്ക്കുള്ളിൽ ആണെന്നും വൈശാൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പിഎസ്‍സി കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോപണ വിധേയനായ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുടെ മുഖമാണ് ആരോപണത്തിലൂടെ വികൃതമായെതെന്നും പാർട്ടി അന്വേഷണത്തിനൊപ്പം തന്നെ ഭരണതലത്തിലുള്ള അന്വേഷണം വേണമെന്നും പ്രമോദ് വ്യക്തമാക്കി.
അന്വേഷണം നടത്തി ആരോപണത്തിൽ വ്യക്തത വരുത്തണം. പാർട്ടി നടപടികളോട് സഹകരിക്കും. തന്നോട് ചോദിച്ചാൽ എല്ലാം പാർട്ടിയോട് പറയുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു. പ്രമോദ് കോട്ടൂളി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രമോദ് വിശദീകരണം നൽകിയത്.
ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സിപിഎം നേതൃത്വത്തെയാകെ വെട്ടിലാക്കിയ കോഴ ആരോപണം വെറും മാധ്യമസൃഷ്ടി എന്ന് നേതാക്കൾ പറഞ്ഞു ഒഴിയുമ്പോഴും പാർട്ടി നടപടികൾ തുടരുകയാണ്.
കഴിഞ്ഞദിവസം ചേർന്ന ഏരിയ കമ്മിറ്റി യോഗം പ്രമോദ് കോട്ടൂളിയോട് വിവാദത്തിൽ വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നാലെ രേഖാമൂലം വിശദീകരണം തേടുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോദ് ഇന്ന് നേതൃത്വത്തിന് വിശദീകരണം നൽകിയത്.
തന്റെ ഭാഗത്തെ പിഴവില്ലെന്ന് നേതൃത്വത്തെ അറിയിച്ച പ്രമോദ് വനിതാ ഡോക്ടറുടെ പക്കൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചതായാണ് വിവരം. ഇന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിലും തന്‍റെ നിരപരാധിത്വം ആവര്‍ത്തിക്കാനായിരുന്നു പ്രമോദ് ശ്രമിച്ചത്.