play-sharp-fill
ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ചീമുട്ടയെറിഞ്ഞ് സംഘപരിവാർ പ്രതിഷേധം: ഏറുകിട്ടിയത് പൊലീസുകാരന്; ശബരിമല കയറാനെത്തിയ യുവതികൾ ചികിത്സയിൽ: പഞ്ചായത്തംഗം അടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിൽ

ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ചീമുട്ടയെറിഞ്ഞ് സംഘപരിവാർ പ്രതിഷേധം: ഏറുകിട്ടിയത് പൊലീസുകാരന്; ശബരിമല കയറാനെത്തിയ യുവതികൾ ചികിത്സയിൽ: പഞ്ചായത്തംഗം അടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല കയറാനെത്തിയതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതികളുമായി എത്തിയ പൊലീസ് സംഘത്തിനു നേരെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ ചീമുട്ടയെറിഞ്ഞ് സംഘപരിവാർ പ്രതിഷേധം. നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു നേരെയാണ് സംഘപരിവാർ പ്രവർത്തകർ ചീമുട്ടയെറിഞ്ഞത്. സംഘത്തിനു സുരക്ഷ ഒരുക്കാനെത്തിയ പൊലീസുകാരന്റെ ശരീരത്തിലാണ് ചീമുട്ടവീണത്. സംഘർഷത്തിനും ചീമുട്ട എറിയലിനും നേതൃത്വം നൽകിയ ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ഡി.ശശികുമാർ, ഭാര്യ ബിന്ദു ശശികുമാർ, ജില്ലാ സഹകാര്യവാഹ് ഹരികുമാർ, വി.കെ സുരേഷ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ആശാ അജിത്കുമാർ,  അയ്മനം പഞ്ചായത്തംഗം ദേവകി അന്തർജനം എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും. 
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. തിങ്കളാഴ്ച പുലർച്ചെ ശബരിമല നടകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിന്ദു, കനകദുർഗാ എന്നിവരുമായി പൊലീസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുകയായിരുന്നു. ഇവർ എത്തുന്ന വിവരം അറിഞ്ഞ് അൻപതോളം സംഘപരിവാർ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഇതേ തുടർന്ന് കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം തന്നെ സുരക്ഷയൊരുക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തമ്പടിച്ചിരുന്നു. 
ഇതിനിടെയാണ് യുവതികളെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. വാഹനം പോർച്ചിനുള്ളിലേയ്ക്ക് കയറ്റിയതിനു പിന്നാലെ പ്രതിഷേധക്കാർ ശരണം വിളിയുമായി രംഗത്ത് എത്തി. ശരണം വിളിച്ചവരെ പൊലീസ് തടഞ്ഞതോടെ, ആളുകൾക്കിടയിൽ നിന്നും ചീമുട്ട വലിച്ചെറിയുകയായിരുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ തലയിലാണ് ചീമുട്ട വീണത്. തുടർന്ന് ഇവിടെ കൂടി നിന്ന പ്രതിഷേധക്കാരിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ പ്രതിഷേധക്കാർ ചിതറിയോടി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനിടെ ബിന്ദുവും കനകദുർഗയും മെഡിക്കൽ കോള്ജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.