മീറ്റിംഗിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; നേരേ ശബരിമലയിലേക്ക് വെച്ചുപിടിച്ചു; മരക്കൂട്ടത്ത് ഭക്തർ തടഞ്ഞത് തന്റെ ഭാര്യ കനകദുർഗയെയാണെന്ന് ഭർത്താവ് കൃഷ്ണനുണ്ണി അറിയുന്നത് ടിവിയിൽ വാർത്ത കണ്ടപ്പോൾ മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. ശബരിമല ദർശനത്തിനായി എത്തിയ തങ്ങളെ പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്ന് ബിന്ദു. തനിക്കോ കൂടെയുള്ള കനക ദുർഗക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു പറഞ്ഞു. പോലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയാണ്. ഗസ്റ്റ് റൂമിലേക്ക് ആണെന്ന് പറഞ്ഞാണ് തങ്ങളെ തിരിച്ചിറക്കിയത്. കനക ദുർഗയെ പോലീസ് എടുത്തുകൊണ്ടുപോയി. പോലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണെന്നും ബിന്ദു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
തിരിച്ചു പോകാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടും പോലീസ് എടുത്തുകൊണ്ടുപോവുകയാണ് ചെയ്തത്. തന്ത്രപരമായി തന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനു മുമ്പ് കയറിയവരോടും പോലീസ് ഇതേ തന്ത്രമായിരുന്നു പ്രയോഗിച്ചതെന്നും ബിന്ദു ആരോപിച്ചു. എന്നാൽ, കോടതിവിധി നടപ്പാക്കാൻ പോലീസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം. ക്രമസമാധാന പ്രശ്നമുണ്ടാകുന്ന ഒരു നടപടിയും പോലീസ് സ്വീകരിക്കില്ല. യുവതികളെ തിരിച്ചിറക്കിയത് ക്രമസമാധാന പ്രശ്നം മൂലമാണ്. കനകദുർഗക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വീട്ടിൽ പറയാതെയാണ് കനകദുർഗ ശബരിമലയിലേക്ക് പോയതെന്ന് ഭർത്താവ് കൃഷ്ണനുണ്ണി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. താൻ ഒരു മീറ്റിംഗിന് പോകുകയാണെന്നാണ് വീട്ടിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്ന് കനകദുർഗ പുറപ്പെട്ടത്. അരീക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും ഞായറാഴ്ച മീറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു എന്നും കൃഷ്ണനുണ്ണി പറഞ്ഞു. ടിവിയിലൂടെയാണ് താൻ ഭാര്യ ശബരിമലയിലേക്ക് പോകുന്നത് അറിഞ്ഞതെന്നും കൃഷ്ണനുണ്ണി പറഞ്ഞു.
യുവതികൾക്കെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങുന്നത്. സന്നിധാനത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതികളെ പിന്തിരിപ്പിച്ചത്. പോലീസ് സുരക്ഷയിലാണ് യുവതികൾ മടങ്ങുന്നത്. കനത്ത പ്രതിഷേധമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ഷീൽഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് പോലീസ് യുവതികളുമായി മുന്നോട്ട് നീങ്ങിയത്. എന്നാൽ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സർക്കാർ അറിയിച്ചതോടെ പോലീസും നിലപാട് മയപ്പെടുത്തുകയായിരുന്നു.