കുട്ടിയായിരിക്കാം, പക്ഷേ കത്തിലെ കാര്യം കുട്ടിക്കളിയല്ല..! മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പാര്‍ട്ടി പ്രതിരോധത്തില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു. ഗരസഭയിലെ ജോലിയുടെ പേരിലുള്ള കത്ത് വിവാദത്തില്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് പാര്‍ട്ടി. നഗരസഭയള്‍പ്പെടെയുള്ള ഇടങ്ങളിലെ താത്കാലിക നിയമനങ്ങള്‍ക്ക് സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ആളുകളെ നിശ്ചയിച്ച് നല്‍കുന്നത് എന്ന രീതിയിലേക്ക് വിവാദം കത്തിപ്പടര്‍ന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ നേതൃത്തില്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തിനകത്തേക്ക് ഓടിക്കയറി മുദ്രാവാക്യം മുഴക്കി. യൂത്ത്കോണ്‍ഗ്രസുകാരെ മാറ്റുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് തള്ളിക്കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ പ്രധാന ഓഫീസുകള്‍ക്ക് മുന്നില്‍നിന്ന് അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെ ബി.ജെ.പി. നഗരസഭാ പ്രതിപക്ഷ നേതാവ് എം.ആര്‍. ഗോപന്റെ നേതൃത്വത്തില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നില്‍ ഉപരോധസമരം തുടങ്ങി. സമരം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തടഞ്ഞു.
നഗരസഭയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മേയര്‍ തന്നെ പാര്‍ട്ടി നേതാവിനോട് ഉദ്യോഗാര്‍ഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും സമരം ശക്തമാക്കുന്നത്.