പ്രൊഫൈൽ ചിത്രം നടി കാവ്യാ മാധവന്റേത്; പ്രണയം മൂത്ത കാമുകൻ ബംഗ്ലാദേശിൽനിന്നും പറന്നെത്തി. വയനാട്ടുകാരി ബംഗ്ലാദേശുകാരന് കൊടുത്തത് എട്ടിന്റെ പണി

പ്രൊഫൈൽ ചിത്രം നടി കാവ്യാ മാധവന്റേത്; പ്രണയം മൂത്ത കാമുകൻ ബംഗ്ലാദേശിൽനിന്നും പറന്നെത്തി. വയനാട്ടുകാരി ബംഗ്ലാദേശുകാരന് കൊടുത്തത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

വയനാട്: പ്രൊഫൈൽ പിക്ചറിൽ കാമുകി ഇട്ടിരുന്നത് നടി കാവ്യാമാധവന്റെ ചിത്രം. കാവ്യാമാധവനെ കണ്ട് പ്രണയം മൂത്തപ്പോൾ അൽപ്പം സാഹസീകത കാട്ടി അതിർത്തി കടന്ന് വയനാട്ടിലെ കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. സഹീബുൾഖാൻ എന്ന ബംഗ്്ളാദേശിയാണ് കഥയിലെ നായകൻ. ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുൾഖാൻ ഫെയ്സ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫെയ്സ്ബുക്കിൽ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നു തെറ്റിധരിച്ചു. കട്ട പ്രണയത്തിനൊടുവിലാണ് കാമുകിയെ നേരിട്ടു കാണണമെന്ന് തോന്നിയത്. ഇക്കാര്യം പറഞ്ഞപ്പോൾ വയനാടുകാരിയായ കാമുകിക്കും സമ്മതം. അൽപ്പം സാഹസമില്ലെങ്കിൽ പിന്നെന്ത് പ്രണയം എന്ന് തോന്നിയ കാമുകൻ, കാമുകി പറഞ്ഞു കൊടുത്ത വഴിയിലൂടെയാണ് വയനാട്ടിലെ വീട്ടിൽ എത്തിയത്. വയനാട്ടിലെ വീട്ടിൽ എത്തിയപ്പോഴാണ് കാമുകിയുടെ യഥാർത്ഥ രൂപം കണ്ടത്. സമനില തെറ്റിയ സഹീബുൾഖാൻ കാമുകിയുമായി തർക്കത്തിലായി. വഴക്ക് മൂത്തതോടെ നാട്ടുകാർ ഇടപെട്ടു. വളഞ്ഞ് കൈകാര്യം ചെയ്ത് പോലീസിൽ കൊടുത്തു. കാമുകിയെ കാണാനുളള ആവേശത്തിൽ എത്തിയ യുവാവിന്റെ പക്കൽ ആവശ്യത്തിന് രേഖകളില്ലാത്തതിനാൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി നാട്ടിലേക്ക് തിരിച്ചുപോകാൻ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിച്ചു. എംബസിയിൽനിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകൾ അയച്ചതായി സഹീബുൾഖാന്റെ ഫോണിൽ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകൾ നീണ്ടുനിന്ന തപാൽ സമരത്തിൽ സഹീബുൾഖാന്റെ യാത്രാരേഖകൾ അപ്രത്യക്ഷമായി. ഒടുവിൽ പോലീസ് ഇടപെടലിനെത്തുടർന്ന് രണ്ടാമത് എംബസിയിൽ നിന്നയച്ച രേഖകൾ കിട്ടുന്നതും കാത്ത് കഴിയുകയാണ് ഖാൻ. രണ്ടുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുൾഖാന്റെ ജീവിതം. പോലീസുകാർ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാർട്ടേഴ്സിലും. കേരളം ഇഷ്ടപ്പെട്ടെന്നും നാട്ടിലെത്തിയാലുടനെ യാത്രാ രേഖകൾ സംഘടിപ്പിച്ച് വീണ്ടും കേരളത്തിലേക്ക് വരുമെന്നും, പ്രൊഫൈൽ ചിത്രം കണ്ട് ആരെയും പ്രേമിക്കരുതെന്നുമാണ് സഹീബുൾഖാന് ഇപ്പോൾ പറയാനുള്ളത്.