പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസ്; പ്രതി പ്രിയരഞ്ജന്‍ പിടിയില്‍ ; പിടിയിലായത് നാഗര്‍കോവിലില്‍ നിന്ന് ; തെളിവെടുപ്പ് അല്‍പസമയത്തിനകമെന്ന് പൊലീസ്

പത്താം ക്ലാസ് വിദ്യാര്‍ഥിയെ വാഹനം ഇടിച്ചുകൊന്ന കേസ്; പ്രതി പ്രിയരഞ്ജന്‍ പിടിയില്‍ ; പിടിയിലായത് നാഗര്‍കോവിലില്‍ നിന്ന് ; തെളിവെടുപ്പ് അല്‍പസമയത്തിനകമെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. നാഗര്‍കോവിലില്‍ നിന്നാണ് പ്രതി പിടിയിലായത്. അല്‍പസമയത്തിനകം പ്രതിയെ കാട്ടാക്കടയില്‍ കൊല നടത്തിയ പ്രദേശത്ത് എത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) ആണ് കാറിടിച്ച് മരിച്ചത്. ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു.

പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്നബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇതിനെതിരേ പ്രതികരിച്ചതാണ് വഴക്കിനും പ്രതികാരത്തിനും കാരണമായതെന്നാണ് ആരോപണം. തുടര്‍ന്നാണ് പ്രതി കുട്ടിയെ കാറിടിപ്പിച്ച് അപായപ്പെടുത്തിയതെന്നും ആരോപിക്കുന്നു.