കിളിമാനൂർ കൊട്ടാര പശ്ചാത്തലത്തിലൊരുക്കിയ പ്രിയനൊരാൾ റിലീസായി

അജയ് തുണ്ടത്തിൽ

കൊച്ചി : മാർക്ക്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ച് കിളിമാനൂർ കൊട്ടാരപശ്ചാത്തലത്തിലൊരുക്കിയ ‘പ്രിയനൊരാൾ ‘ മ്യൂസിക്കൽ ആൽബം റിലീസായി . മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെയും ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെയും എഫ് ബി പേജുകളിലൂടെയാണ് റിലീസായത്.

ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്‌ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോർന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയിൽ പകർത്തിയെടുത്തിരിക്കുന്നു.

പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം കൊണ്ട് പ്രേക്ഷകരെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമായിരിക്കും പ്രിയനൊരാൾ . ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയഭാവങ്ങൾക്ക് മേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്‌നിയിൽ സ്ഫുടം ചെയ്‌തെടുത്ത അനശ്വരവും കാലാതിവർത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി കെ കൃഷ്ണകുമാർ എന്നിവർ അഭിനയിക്കുന്നു.ബാനർ മാർക്ക്‌സ് പ്രൊഡക്ഷൻസ്, നിർമ്മാണം വി കെ കൃഷ്ണകുമാർ , സംവിധാനം സജി കെ പിള്ള , ഛായാഗ്രഹണം രതീഷ് മംഗലത്ത്, എഡിറ്റിംഗ് വിമൽകുമാർ , ഗാനരചന മഠം കാർത്തികേയൻ നമ്പൂതിരി, സംഗീതം, ആലാപനം കിളിമാനൂർ രാമവർമ്മ, കല വിനീഷ് കണ്ണൻ, ഡിസൈൻസ് സജീവ് വ്യാസ, കീബോർഡ് പ്രോഗ്രാമിംഗ് & സൗണ്ട് മിക്‌സിംഗ് രാജീവ് ശിവ, ചമയം അനിൽ ഭാസ്‌ക്കർ, കളറിംഗ് ( ഡി ഐ) പ്രദീപ്, സ്റ്റുഡിയോ നിസാര, പി ആർ ഓ അജയ് തുണ്ടത്തിൽ .