
പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണി പെടുത്തിയ തീവ്രവാദിക്ക് കേരളത്തിൽ നിന്ന് കാറുകൾ: തീവ്രവാദ പ്രവർത്തനങ്ങൾക്ക് കാറെത്തിച്ചു നല്കുന്ന രണ്ടംഗ സംഘം കോട്ടയത്ത് പിടിയിൽ
എ.കെ ശ്രീകുമാർ
കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാടകയ്‌ക്കെടുക്കുന്ന കാറുകള്‍ തമിഴ്‌നാട്ടിലെ തീവ്രവാദികള്‍ക്കു മറിച്ചു വില്‍ക്കുന്ന രണ്ടംഗ സംഘത്തെ ജില്ലാ പൊലീസ് പിടികൂടി. തൃശൂര്‍ വാടനപ്പള്ളി ഗണേശമംലഗം പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പില്‍ വീട്ടില്‍ അബുവിന്റെ മകന്‍ കെ.എ നിഷാദ് (37) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 11 കാറുകളാണ് സംഘം വാടകയ്‌ക്കെടുത്ത് തമിഴ്‌നാട്ടിലേയ്ക്കു കടത്തിയത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 14 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിക്കുകയും, പ്രധാന മന്ത്രി നരേന്ദ്രമോദിയെ 2018 ല്‍ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ കോയമ്പത്തൂര്‍ കുനിയമ്മുത്തൂര്‍ സ്വദേശി തൊപ്പി റഫീഖ് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് റഫീഖിനാണ് (ഭായി റഫീഖ്) സംഘം കാറുകള്‍ എത്തിച്ചു നല്‍കിയിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇവര്‍ 11 കാറുകള്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റിരുന്നത്. പതിനായിരം മുതല്‍ 30000 രൂപ വരെ വാടകയായി നിശ്ചയിച്ച് മൂന്നു മാസത്തേയ്‌ക്കെന്ന പേരിലാണ് സംഘം കാറുകള്‍ കൊണ്ടു പോകുന്നത്. ആരുടെയെങ്കിലും പേരില്‍ നിര്‍മ്മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ ഉടമകള്‍ക്കു നല്‍കും. തുടര്‍ന്നാണ് സംഘം കാറുമായി കടക്കുന്നത്.
ഓ.എല്‍.എക്‌സിലും വിവിധ വെബ് സൈറ്റിലും വില്‍ക്കാനും വാടകയ്ക്കുമായി കാറുകള്‍ നല്‍കുന്ന നമ്പരിലേയ്ക്കു വിളിച്ചാണ് സംഘം വാടകയ്ക്കു കാറെടുക്കുന്നത്. കാറെടുക്കുന്നതിനായി നിശ്ചിത തുക അഡ്വാന്‍സായി നല്‍കുകയും ചെയ്യും. കാറുമായി പോയതിനു ശേഷം ഇവരുടെ നമ്പരില്‍ വിളിച്ചാല്‍ പ്രതികരണം ഉണ്ടാകില്ല. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തയിരിക്കുന്നത്. പ്രതികള്‍ വാടകയ്‌ക്കെടുത്ത് തട്ടിയെടുത്തതില്‍ ഏറെയും, ലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറുകളാണ്.
എറണാകുളത്തു നിന്ന് ബി.എം.ഡബ്യുവും , എര്‍ട്ടിഗയും , കോഴിക്കോട് ടൗണില്‍ നിന്നും ഇന്നോവ ക്രിസ്റ്റയും , തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് എര്‍ട്ടിഗ , എര്‍ണാകുളം മരട് നിന്ന് ബെലാനോ , മലപ്പുറം അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് എര്‍ട്ടിഗ , നെടുമ്പാശേരി നിന്ന് ഇന്നോവ , കോട്ടയത്ത് നിന്ന് ഇന്നോവ , വര്‍ക്കല ഭാഗത്ത് നിന്ന് എസ്.യു.വി , തൃശൂര്‍ മാളയില്‍ നിന്ന് ബുള്ളറ്റ് , കണ്ണൂര്‍ ഭാഗത്ത് നിന്ന് ഇന്നോവ എന്നിവയാണ് വാടകയ്ക്ക് എടുത്ത് സംഘം മറിച്ചു വിറ്റത്.
മാസങ്ങള്‍ക്കു മുന്‍പ് ജില്ലയില്‍ നിന്നും ഇന്നോവ ക്രിസ്റ്റ വാഹനം ഇത്തരത്തില്‍ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റിരുന്നു. ഇതിന്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. കാറുകള്‍ തട്ടിയെടുക്കാന്‍ ഓരോ തവണയും ഓരോ ഫോണ്‍ നമ്പരും സിമ്മുമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറുകളുമായി പോയവരെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രതികള്‍ നഗരത്തില്‍ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി എസ്.ജയദേവിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. തുടര്‍ന്ന് , പ്രിന്‍സിപ്പള്‍ എസ്.ഐ ടി. ശ്രീജിത്ത് , ഗ്രേഡ് എസ്.ഐ കെ.പി മാത്യു , എ.എസ്.ഐ പി.എന്‍ മനോജ് , സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.ജെ സജീവ് , സി.സുദീപ് , സി പി.ഒമാരായ കെ.ആര്‍. ബൈജു , വിഷ്ണു വിജയദാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ പ്രതിയായ നിഷാദാണ് ഇല്യാസിനെ തീവ്രവാദക്കേസ് പ്രതിയായ റഫീഖിന് പരിചയപ്പെടുത്തിയത്. ഇല്യാസിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ , വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തട്ടിപ്പ് കേസ് നിലവിലുണ്ട്. മുക്കു പണ്ടം പണയം വച്ച് പണം തട്ടിയതിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും , മംഗലാപുരത്ത് കവര്‍ച്ചാ കേസും , തൃശൂര്‍ ഈസ്റ്റില്‍ മോഷണക്കേസും നിലവിലുണ്ട്. പത്ത് വര്‍ഷത്തോളം ഇയാള്‍ വിദേശത്തായിരുന്നു. ഇവിടെ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തുടങ്ങിയത്.
നിഷാദ് വയനാട് ബെത്തേരിയില്‍ കുഴല്‍പ്പണം അടിച്ച കേസിലും , തൃശൂര്‍ ചേലക്കരയില്‍ വഞ്ചനാ കേസിലും പ്രതിയാണ്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തിന് ശേഷം നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ 86 വാഹനങ്ങള്‍ പ്രതികളുടെ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ തുടരന്വേഷണം എന്‍.ഐ.എ അടക്കമുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയേക്കും.
Third Eye News Live
0