video
play-sharp-fill

Thursday, May 22, 2025
HomeLocalKottayamതലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയതിന് പിന്നിലെ കാരണം...

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയതിന് പിന്നിലെ കാരണം തദ്ദേശ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട് : മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നായിരുന്നു വാര്‍ത്തകള്‍.

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയതിന് പിന്നിലെ കാരണം തദ്ദേശ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും മന്ത്രി എംബി രാജേഷ് നിഷേധ കുറിപ്പിറക്കാത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയില്‍.

പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് നേരിട്ട് അറിയിച്ചതോടെ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നെന്നായിരുന്നു വാര്‍ത്തകള്‍.

ഇത്തരം റിപ്പോര്‍ട്ടുകള്‍ ചാനലുകളില്‍ ചര്‍ച്ചയായിട്ടും തദ്ദേശ മന്ത്രി അത് നിഷേധിച്ചില്ല. ഇതോടെ എല്ലാവരും ഇത് ഏറ്റെടുത്തു. സര്‍ക്കാരിന്റെ പ്രതിച്ഛായ പ്രശ്‌നമായതിനാല്‍ വാര്‍ത്ത നിഷേധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് കുറിപ്പും ഇറക്കി. അപ്പോഴും സംശയങ്ങള്‍ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മന്ത്രി എംബി രാജേഷ് വാര്‍ത്തയെ അസംബന്ധമെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നുവെങ്കില്‍ സര്‍ക്കാരിനെ ബാധിക്കുന്ന ഒരു ചര്‍ച്ച ഒഴിവാക്കാമായിരുന്നു. ഇതിന് എംബി രാജേഷ് തയ്യാറായില്ലെന്നത് മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
ചടങ്ങില്‍ പങ്കെടുക്കാത്തത് അനാരോഗ്യം കാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇപ്പോഴത്തെ പ്രചാരണം സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ശോഭ കെടുത്താനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

നൂതന രീതിയിലും ആധുനിക നിലവാരത്തിലും നിര്‍മ്മിച്ച സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല. പൊതുമരാമത്ത് മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും ഫ്‌ളക്‌സുകളും ഉള്‍പ്പെടുത്തി നഗരത്തില്‍ വലിയ പ്രചാരണമാണ് ഉദ്ഘാടനത്തിന് മുമ്പ് നടന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെങ്കിലും പണം ചെലവഴിക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവില്‍ റോഡ് പണിതപ്പോള്‍ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്നായിരുന്നു.

കോര്‍പ്പറേഷന്‍ 40 കോടി ചെലവാക്കി. ഇങ്ങനെയാണ് കാര്യങ്ങള്‍ എന്നിരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രെഡിറ്റ് എടുത്തതിലെ വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയുടെ അര്‍ത്ഥ തലങ്ങള്‍ എംബി രാജേഷിനും അറിയാം. എന്നിട്ടും നിഷേധിക്കാന്‍ തയ്യാറാകാത്തതാണ് മുഖ്യമന്ത്രിയെ വലയ്ക്കുന്നത്.

എംബി രാജേഷിന്റെ എതിര്‍പ്പ് മനസ്സിലാക്കി മുഖ്യമന്ത്രി പരിശോധിക്കാമെന്ന് മറുപടി നല്‍കി പരിപാടി റദ്ദാക്കി ക്ലിഫ് ഹൗസിലേക്ക് മടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. അനാരോഗ്യം പറഞ്ഞാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ഉദ്ഘാടന ദിവസം ഉച്ചവരെയും അടുത്ത ദിവസം രാവിലെ മുതല്‍ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന പേരില്‍ മുഹമ്മദ് റിയാസിന് വലിയ പരിഗണന ലഭിക്കുന്നെന്ന ആക്ഷേപം മുതിര്‍ന്ന പല നേതാക്കള്‍ക്കുമുണ്ട്.

വ്യവസായ വകുപ്പിന്റെ പദ്ധതി ഏകപക്ഷീയമായി ടൂറിസം വകുപ്പ് ഫയലാക്കിയതിലെ അമര്‍ഷം ഇതിന് മുന്‍പ് മന്ത്രി പി രാജീവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് പോലും വിലയിരുത്തലെത്തി. മന്ത്രി റിയാസിനെതിരെ തിരിയുന്ന വാര്‍ത്തയായി റോഡിലെ ഉദ്ഘാടനം മാറിയെന്നതാണ് വസ്തുത. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്ത എത്തിയിട്ടും എംബി രാജേഷ് നിഷേധിക്കാത്തെന്ന ചോദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ഉയര്‍ത്തിയിട്ടുണ്ട്. വാര്‍ത്ത തെറ്റാണെന്ന് എംബി രാജേഷും താമസിയാതെ ബോധിപ്പിക്കും. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം ഇല്ലാതെ തന്നെ നിഷേധ കുറിപ്പ് വരണമായിരുന്നുവെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തിന് വിരുദ്ധമായ വാര്‍ത്തകളോട് അതിവേഗ പ്രതികരണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി നേരിട്ട് എല്ലാ മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കാനും സാധ്യത ഏറെയാണ്. ഇതിനൊപ്പം വിവാദത്തില്‍ മൗനം പാലിച്ച മന്ത്രി രാജേഷിനെ മുഖ്യമന്ത്രി നേരിട്ട് താക്കീത് ചെയ്‌തേയ്ക്കും. സിപിഎം സെക്രട്ടറിയേറ്റിലും തന്റെ പ്രതിഷേധം മുഖ്യമന്ത്രി അറിയിക്കും.
അതിനിടെ മന്ത്രിസഭാ പുനസംഘടനയ്ക്കുള്ള സാധ്യതകളും ചര്‍ച്ചയിലുണ്ട്. എന്‍സിപിയില്‍ നിന്നും വനം വകുപ്പ് സിപിഎം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടൊന്നും മുഖ്യമന്ത്രി നിലപാട് പൊതു സമൂഹത്തില്‍ വിശദീകരിച്ചിട്ടില്ല

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments