അന്ന് അനന്യ പറഞ്ഞത് സത്യം, സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അനന്യ ജീവിച്ചത് കഠിനമായ വേദന സഹിച്ച്
സ്വന്തം ലേഖകൻ
കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസിനു ലഭിച്ചു.
അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന അനന്യയുടെ വാദം ശരിവെയ്ക്കുന്ന തരത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സന്തോഷ് പറഞ്ഞു.
അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാ രാജിനെയും വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ചൊവ്വാഴ്ചയാണ് ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിൽ സമഗ്രമായ വേണമെന്ന നിലപാടിലാണ് ട്രാൻസ്ജെൻഡർ സമൂഹം.
സംഭവത്തിൽ ദുരൂഹതയുള്ളതായി ഇവരിൽ ഒരു വിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു.
തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.