വനിതാ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

വനിതാ ഗുണ്ട പൂമ്പാറ്റ സിനി അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂർ: വിവിധ സ്റ്റേഷനുകളിലായി കൊലപാതകവും സ്വർണത്തട്ടിപ്പുമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ വനിതാഗുണ്ടയും തട്ടിപ്പുകാരിയുമായ സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ. ബാങ്ക് ലോൺ അടയ്ക്കാതിരിക്കാനുള്ള മാർഗം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ് കബളിപ്പിച്ച് വീട്ടമ്മയുടെ 12 പവൻ സ്വർണാഭരണം തട്ടിയ കേസിലാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂർ നീലിക്കാട് വീട്ടിൽ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന(38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തൃശൂർ പാലിയേക്കരയിലെ വാടകവീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ കൊലപാതകമുൾപ്പെടെ മുപ്പതോളം കേസുകൾ ഇവർക്കെതിരേയുണ്ട്. കൊലപാതകക്കേസിലും പണംതട്ടിയ കേസിലും പിടിയിലായ സിനി ആറുമാസം മുമ്പാണു ജാമ്യത്തിലിറങ്ങിയത്.
2012 ലാണ് തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിനി റോസിയുടെ 12 പവൻ സ്വർണാഭരണങ്ങൾ സിനി തട്ടിയെടുത്തത്. ട്രെയിൻ യാത്രയ്ക്കിടെ റോസിയുമായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു സിനിയുടെ തട്ടിപ്പ്. സർവീസ് സഹകരണ ബാങ്കിൽനിന്ന് റോസി ലോൺ എടുത്തിരുന്നു. ഈ ലോൺ അടയ്ക്കാതിരിക്കാൻ വഴിയുണ്ടെന്നു പറഞ്ഞുപറ്റിച്ച് സ്വർണം മുഴുവൻ വാങ്ങിച്ചെടുത്തു. സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് റോസി വനിതാ പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് സിനിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യമെടുത്ത് മുങ്ങി. ട്രെയിൻ യാത്രയ്ക്കിടെ സർക്കാർ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി പത്തുപവന്റെ ആഭരണങ്ങൾ ഊരിവാങ്ങിയ കേസിലും സിനി പ്രതിയാണ്. സ്വർണ ബിസിനസിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നൽകി സ്ത്രീകളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ കഴിഞ്ഞവർഷം നവംബർ 20ന് ഷാഡോ പോലീസ് പിടികൂടിയിരുന്നു. വനിതാ പോലീസ് എസ്ഐ ഉമാദേവി, സിവിൽ പോലീസ് ഓഫീസർമാരായ മിനി, ലാല എന്നിവർ ചേർന്നാണ് സിനിയെ അറസ്റ്റു ചെയ്തത്