പൂജാ ബമ്പർ ഒന്നാം സമ്മാനമായ നാലു കോടി ശീമാട്ടി ജീവനക്കാരന്: ലോട്ടറിയടിച്ചിട്ടും ഞെട്ടൽ മാറാതെ ഷൺമുഖ മാരിയപ്പൻ; ലോട്ടറി ടിക്കറ്റ് സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നൽകി

പൂജാ ബമ്പർ ഒന്നാം സമ്മാനമായ നാലു കോടി ശീമാട്ടി ജീവനക്കാരന്: ലോട്ടറിയടിച്ചിട്ടും ഞെട്ടൽ മാറാതെ ഷൺമുഖ മാരിയപ്പൻ; ലോട്ടറി ടിക്കറ്റ് സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നൽകി

സ്വന്തം ലേഖകൻ
കോട്ടയം: പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനമായ ലോട്ടറി ടിക്കറ്റ് തമിഴ്‌നാട് സ്വദേശിയും ശീമാട്ടി ജീവനക്കാരനുമായ ഷൺമുഖ മാരിയപ്പന്. ശീമാട്ടിയിലെ മെൻസ് സ്റ്റുഡിയോയിലെ ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ഷൺമുഖമാരിയപ്പനാണ് ലോട്ടറി അടിച്ചത്. തേർഡ് ഐ ന്യൂസ് സംഘം അടക്കമുള്ള മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും തനിക്ക് ലോട്ടറി അടിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളോ, ചിത്രമോ പ്രസിദ്ധീകരണത്തിന് നൽകാൻ താല്പര്യമില്ലെന്ന നിലപാടാണ് ഷൺമുഖമാരിയപ്പൻ സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെ സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെത്തി മാനേജർക്ക് ഷൺമുഖ മാരിയപ്പൻ ലോട്ടറി ടിക്കറ്റ് കൈമാറി.
25 വർഷത്തിലേറെയായി ശീമാട്ടിയിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുകയാണ്. നിലവിൽ പുരുഷൻമാരുടെ വിഭാഗമായ മെൻസ് വെയറിലെ സൂപ്പർ വൈസറാണ് ഇയാൾ.
രണ്ടാഴ്ച മുൻപാണ് ഏറ്റുമാനൂരിലെ മഹാലക്ഷ്മി ലക്കി സെന്ററിൽ നിന്നും ലോട്ടറി ടിക്കറ്റ് എടുത്തത്. VA 489017 എന്ന നമ്പരിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 51 വയസുകാരനായ ഷൺമുഖമാരിയപ്പൻ അവിവാഹിതനാണ്. തിരുന്നൽവേലിയിലെ വാടകവീട്ടിലാണ് ഇയാളുടെ കുടുംബം കഴിയുന്നത്. മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്. അടുത്ത ദിവസം തന്നെ ഇയാൾ തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങിയേക്കും.
ഇതിനിടെ പൂജാ ബമ്പറിന്റെ മൂന്നാം സമ്മാനവും കോട്ടയത്ത് തന്നെയാണ് അടിച്ചിരിക്കുന്നത്. ഏറ്റുമാനൂരിലെ മഹാലക്ഷ്മി ലക്കി സെന്ററിൽ നിന്നു തന്നെയാണ് ഈ ടിക്കറ്റും വിറ്റിരിക്കുന്നത്.