പൊലീസിന്റെ വല പൊട്ടിച്ച് കോട്ടയത്ത് വനിതാ മോഷ്ടാക്കൾ: ഒരു മണിക്കൂറിന്റെ ഇടവേളയിൽ കോട്ടയം നഗര പരിധിയിൽ നടന്നത് നാല് മോഷണം; ബസിലും സ്റ്റാൻഡിലും ക്ഷേത്രത്തിലും മാലയും പണവും കവർന്ന് തമിഴ് മോഷണ സംഘം

പൊലീസിന്റെ വല പൊട്ടിച്ച് കോട്ടയത്ത് വനിതാ മോഷ്ടാക്കൾ: ഒരു മണിക്കൂറിന്റെ ഇടവേളയിൽ കോട്ടയം നഗര പരിധിയിൽ നടന്നത് നാല് മോഷണം; ബസിലും സ്റ്റാൻഡിലും ക്ഷേത്രത്തിലും മാലയും പണവും കവർന്ന് തമിഴ് മോഷണ സംഘം

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസിന്റെ വല പൊട്ടിച്ച് നഗരത്തിൽ വീണ്ടും വനിതാ മോഷ്ടാക്കളുടെ കറക്കം. ഒറ്റ മണിക്കൂറിന്റെ ഇടവേളയിൽ കോട്ടയം നഗരത്തിൽ തമിഴ് വനിതാ മോഷണ സംഘം നടത്തിയത് നാല് മോഷണങ്ങളാണ്. നാഗമ്പടം ബസ് സ്റ്റാൻഡ്, തിരുനക്കര ബസ് സ്റ്റാൻഡ്, താഴത്തങ്ങാടി ഇല്ലിക്കൽ എന്നിവിടങ്ങളിൽ നിന്നായി സ്വർണമാലകളും പണവുമാണ് മോഷണ സംഘം കവർന്നത്. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ പൊലീസ് പിടികൂടി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ താഴത്തങ്ങാടി ആലുമ്മൂട്ടിലാണ് സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ മൂന്നര പവന്റെ മാല മോഷണം പോയത്. കുമരകം ്‌സ്വദേശിനിയായ അംബുജത്തിന്റെ മൂന്നര പവന്റെ മാലയാണ് ബസിനുള്ളിൽ നിന്നും മോഷ്ടിച്ചെടുത്തത്. കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിനുള്ളിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയത്. അംബുജത്തിന്റെ മാലയുടെ കൊളുത്ത് നീക്കം ചെയ്യുന്നത് കണ്ട ബസ് കണ്ടക്ടർ വിവരം അറിയിച്ചതോടെയാണ് ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ വിവരം അറിഞ്ഞത്. തുടർന്ന് സ്ത്രീ യാത്രക്കാർ ചേർന്ന് ബസിനുള്ളിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ തായമ്മ, ദിവ്യ എന്നിവരെ യാത്രക്കാർ ചേർന്ന് പിടികൂടി. തുടർന്ന് ഇരുവരെയും പിങ്ക് പൊലീസ് സംഘത്തിനു കൈമാറി. ഇവരെ വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ ദിവ്യ എന്ന യുവതിയെ തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്നും വീട്ടമ്മയുടെ പണം മോഷ്ടിച്ച കേസിൽ പിടികൂടിയത്. പുതുപ്പള്ളി പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സോണ ബസിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്. ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ എൽസമ്മ മേരി ഡൊമിനിക്ക് എന്ന പയ്യപ്പാടി സ്വദേശിയായ വീട്ടമ്മയുടെ പഴ്‌സിലുണ്ടായിരുന്ന 2700 രൂപ ഇവർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇവർ സ്റ്റാൻഡിൽ ഇറങ്ങി ഓടിരക്ഷപെടാൻ ശ്രമിച്ചു. യാത്രക്കാർ ചേർന്ന് ഇവരെ ഓടിച്ചിട്ട് പിടികൂടിയ ശേഷം പൊലീസിനു കൈമാറി.

ഇതിനിടെ നാഗമ്പടത്ത് ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ മാലയും മോഷണം പോയി. നാഗമ്പടം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പിടികൂടിയ പ്രതികളല്ല മോഷണം നടത്തിയതെന്ന് ഇവർ പറഞ്ഞു. ഇതേ തുടർന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കുമാരനല്ലൂർ ക്ഷേത്രത്തിൽ കാർത്തിക ദർശനത്തിന് ശേഷം ബസിൽ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽക്കിടന്ന മാലയും മോഷണം പോയതായി പരാതി ഉയർന്നിട്ടുണ്ട്. സ്വകാര്യ ബസിൽ നിന്നു തന്നെയാണ് ഈ മാലയും മോഷണം പോയത്. എല്ലാ സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.