പൊലീസിനെ വിളിച്ചാൽ കേൾക്കുന്നത് പ്രവാസിയും ഭാര്യയും തമ്മിലുള്ള ഫോൺ സംഭാഷണം; പൊതുജനങ്ങളുടെയും പോലീസിന്റെയും പരാതിക്ക് പുല്ലുവില കല്‍പ്പിച്ച് ബിഎസ്എൻഎൽ ; പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ‘പഞ്ചാര’ നമ്പർ അറിയണോ???
സ്വന്തം ലേഖകൻ
പയ്യന്നൂര്‍: മൂന്നുവര്‍ഷത്തോളമായി പോലീസിനേയും നാട്ടുകാരേയും ഒരുപോലെ പൊല്ലാപ്പിലാക്കുകയാണ് പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ലാൻഡ്ഫോൺ.
പൊലീസ് സ്റ്റേഷനിലെ ഫോണിന്റെ ഉപയോഗം ബിഎസ്എന്എല്കാര്ക്ക് അറിയില്ലേയെന്ന ചോദ്യമാണ് ഇപ്പോള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സ്റ്റേഷനിലെ 04985-203032 എന്ന ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാൽ, ഗള്‍ഫിലുള്ള ഭര്ത്താക്കന്മാരും നാട്ടിലുള്ള ഭാര്യമാരും തമ്മിലുള്ള രാത്രി സംഭാഷണവും , കാമുകി കാമുകന്മാരുടെ പഞ്ചാര വര്ത്തമാനവുമായിരുന്നു കേട്ടിരുന്നത്.
അതും മണിക്കൂറുകളോളം നീളുന്ന സംസാരം. ഫോണ്‍ കട്ടാക്കിയാല്‍ ഉടന്‍ വരും ഇത്തരത്തിലുള്ള അടുത്ത വിളി.
വിളിക്കുന്നവരുടെ ഫോണില്‍ ബെല്ലടി ശബ്ദം കേള്‍ക്കുമെങ്കിലും പോലീസ് സ്റ്റേഷനിലെ ഫോണ്‍ മൗനത്തിലായിരിക്കും. ഇതോടെ അത്യാവശ്യക്കാര്‍ക്ക് പോലീസിന്റെ സേവനം ലഭിക്കാതെയായി.
അത്യാവശ്യത്തിന് പയ്യന്നൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പൊതുജനങ്ങളുടെയും പോലീസിന്റെയും പരാതിക്ക് പുല്ലുവില കല്‍പ്പിച്ച് ബിഎസ്എൻഎൽ ഇപ്പോഴും “നോട്ട് റെസ്പോൻഡിങ്” ആണ്.