ദുരഭിമാനക്കൊലയിൽ ദുരഭിമാനികളായത് ആ പൊലീസുകാർ; ആ രണ്ടു പൊലീസുകാരുടെ പിഴവിന് പഴി കേട്ടത് സർക്കാർ: ജാഗ്രതക്കുറവും പൊലീസ് വീഴ്ചയിലും പൊലിഞ്ഞത് ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ
സ്വന്തം ലേഖകൻ
കോട്ടയം: ദളിത് ക്രൈസ്തവനായ കോട്ടയം എസ്.എച്ച് മൗണ്ട് പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊലപ്പെടുത്തിയതിനു പിന്നിൽ ഭരണകൂട ഭീകരതയെന്ന് ആരോപിക്കുമ്പോൾ, വില്ലനാകുന്നത് ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസുകാരും എസ്.ഐയും. എസ്.ഐ എം.എസ് ഷിബുവും, സഹപ്രവർത്തകരും വരുത്തി വൻ പിഴവിന് വില നൽകേണ്ടി വന്നത് സംസ്ഥാന ആഭ്യന്തര വകുപ്പും സർക്കാരുമാണ്. വീട് ആക്രമിച്ചു യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആദ്യം മുതൽ തന്നെ ഗാന്ധിനഗർ എസ്.ഐ സ്വീകരിച്ച തണുപ്പൻ സമീപനമാണ് കെവിന്റെ മരണത്തിലും, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലേയ്ക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
മേയ് 24 വ്യാഴാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട കെവിനും കാമുകിയും പുനലൂർ സ്വദേശിയായ നീനുവും ഒളിച്ചോടിയെത്തി വിവാഹം രജിസ്റ്റർ ചെയ്യാൻ ഏറ്റുമാനൂർ സബ് രജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി. ഈ അപേക്ഷ സ്വീകരിച്ച അധികൃതർ ഇതിൽ നടപടികൾക്കായി മാറ്റി വയ്ക്കുകയും ചെയ്തു. അന്നു തന്നെ കെവിൻ നീനുവിനെ ഒരു ഹോസ്ിറ്റലിലേയ്ക്കു മാറ്റി. 25 ്‌ന് രാവിലെ നീനുവിന്റെ പിതാവ് ചാക്കോ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് എസ്.ഐയ്ക്കു പരാതി നൽകുന്നു. അന്ന് രാവിലെ ഒൻപതു മണിയോടെ തന്നെ, ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിന്റെ നിർദേശാനുസരണം മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീട്ടിലും, പിന്നീട് ചവിട്ടുവരിയിലെ കെവിന്റെ വീട്ടിലും എത്തുന്നു. കെവിനോടും വീട്ടുകാരോടും പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശം നൽകുന്നു.
ഉച്ചയോടെ രജിസ്‌ട്രേഷൻ ഓഫിസിൽ നിന്നു ലഭിച്ച പേപ്പറുകളുമായി കെവിനും നീനുവും ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി. ഇവിടെ ഇരുവരെയും സ്വീകരിച്ചത് എസ്.ഐ ഷിബുവായിരുന്നു. ഒപ്പം നീനുവിന്റെ പിതാവ് ചാക്കോയും ഒരു സംഘം ബന്ധുക്കളുമുണ്ടായിരുന്നു. തങ്ങൾ വിവാഹിതരായതായി കെവിൻ എസ്.ഐയെ ധരിപ്പിച്ചു. ഇതിനായി രജിസ്ട്രർ ഓഫിസിൽ നിന്നു ലഭിച്ച രേഖ എസ്.ഐയെ കാണിക്കുകയും ചെയ്തു. എന്നാൽ, രേഖ വാങ്ങി മേശപ്പുറത്ത് വച്ച എസ്.ഐ. അതിനു മുകളിൽ മൊബൈൽ ഫോൺ എടുത്തു വച്ചു. രണ്ടു പേരോടും പ്രായം ചോദിച്ചു. കെവിനും നീനുവും പ്രായം പറഞ്ഞു. തുടർന്നു, നീനുവിനോട് നീ നിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വീട്ടിൽ പോകാൻ നോക്ക്. നിനക്ക് തീരുമാനം എടുക്കേണ്ട പ്രായമാകുമ്പോൾ അവര് പറഞ്ഞു തരും എന്നു നിർദേശിച്ചു. എസ്.ഐയുടെ നിർദേശാനുസരണം ചാക്കോയും ബന്ധുക്കളും ചേർന്ന് നീനുവിനെ സ്‌റ്റേഷനിൽ നിന്നും വലിച്ചിഴച്ച് പുറത്തേയ്ക്കു കൊണ്ടുവന്നു. ഈ സമയം പുറത്തു നിന്ന ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകർ ചേർന്ന് പ്രതിരോധിച്ചു നീനുവിനെ കെവിനൊപ്പം അയച്ചു. ഇതോടെ രണ്ടു കൂട്ടരും സംഭവ സ്ഥലത്തു നിന്നും പിരിഞ്ഞ് പോകുകയും ചെയ്തു. പിറ്റേന്ന് 26 ശനിയാഴ്ച രാവിലെ അനീഷിന്റെ മാ്ന്നാനത്തെ വീട്ടിലെത്തിയ നീനുവിന്റെ അമ്മ കെവിനോട് മകളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു. ഇവരെ ഫോണിൽ ബന്ധപ്പെട്ട് നീനു താൻ ആരുടെയും കൂടെ പോകുന്നില്ലെന്നും, കെവിനൊപ്പം താമസിക്കുമെന്നും അറിയിച്ചു.
്അന്ന് രാത്രിയിൽ, അതായത് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു കേരളത്തെ ഇളക്കി മറിച്ച ആ സംഭവം ഉണ്ടാകുന്നത്. കെവിനും ബന്ധുവായ അനീഷും താമസിക്കുന്ന മാന്നാനം പള്ളിത്താഴെ വീട്ടിലെത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടു പോയി. രാത്രിയിൽ തന്നെ വിവരങ്ങളെല്ലാം അന്ന് സംഭവ സമയത്ത് നൈറ്റ് പട്രോളിംഗിന്റെ ചുമതയുണ്ടായിരുന്ന എഎസ്‌ഐ ബിസ്‌ക്കറ്റ് ബിജു എന്ന ടി.എം ബിജു അറിഞ്ഞിരുന്നു. എന്നാൽ, സംഭവങ്ങൾ വയർലെസ് സെറ്റിലൂടെ കൈമാറാൻ ബിജു തയ്യാറായില്ല. പകരം പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് ഇവരെ തിരികെ തന്ത്രപൂർവം സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ഇതിനായി പുലർച്ചെ അഞ്ചു മണിവരെ ബിജു ഗുണ്ടാ സംഘത്തെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, ഇപ്പോൾ വാർത്ത പുറത്തു വരുന്നതോ ക്വട്ടേഷൻ സംഘത്തിൽ നിന്നും കൈക്കൂലി വാങ്ങി ബിജു പ്രതികൾക്ക ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു എന്ന രീതിയിലാണ്.
രാത്രി തന്നെ വിവരം അറിഞ്ഞെങ്കിലും സ്വതസിദ്ധമായ മടി മൂലം സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്.ഐ എം.എസ് ഷിബു ഇതു സംബന്ധിച്ച് എഫ്.ഐആർ രജിസ്റ്റർ ചെയ്യാനോ, സംഭവത്തെ ഗൗരവമായി എടുക്കാനോ തയ്യാറായതുമില്ല. രാവിലെ വരെ എ.എസ്.ഐ ബിജുവിന്റെ വാക്കുകൾ വിശ്വസിച്ചിരുന്ന ഷിബു വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതുമില്ല. തൊട്ടടുത്ത സ്‌റ്റേഷനിലെ സി.ഐ അതിരാവിലെ തന്നെ എഫ്.ഐആർ രജിസ്റ്റർ ചെയ്യണമെന്ന നിർദേശിച്ചെങ്കിലും ഷിബു അതിനു തയ്യാറായില്ല. വീട് ആക്രമണത്തിനു ഇരയായ വിവരവും, കെവിനെ തട്ടിക്കൊണ്ടു പോയ വിവരവവും രാവിലെ എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന വയർലെസ് മീറ്റിംഗ് ആയ സാട്ടായിലും എസ്.ഐ ഷിബു വിവരിച്ചില്ല. ഇതോടെ സംഭവത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർക്കു മനസിലാക്കാനായില്ല. രാവിലെ ആരു മണിയോടെ കെവിന്റെ ബന്ധുക്കൾ നേരിട്ടെത്തി പരാതി പറഞ്ഞെങ്കിലും പരാതി തന്നെ വ്യാജമാണെന്നും, കെവിൻ തിരിച്ചെത്തുമെന്ന നിലപാടാണ് എസ്.ഐ ഷിബു സ്വീകരിച്ചത്. ആക്രമണത്തിനിരയായ വീട് സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും, മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയട്ടേ എന്നിട്ട് നടപടിയെടുക്കാം എന്ന നിലപാടാണ് ഷിബു സ്വീകരിച്ചത്.
ഇതിനിടെ രാവിലെ 11 മണിയോടെ തന്നെ തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷ് സ്റ്റേഷനിൽ തിരികെ എത്തി. ഈ സമയം പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ സ്‌റ്റേഷനു മുന്നിൽ കിടക്കുന്നുണ്ടായിരുന്നു. ഈ കാർ ചൂണ്ടിക്കാട്ടി പ്രതികൾ കാറിനുള്ളിലുണ്ടാകാം എന്ന് അനീഷ് അറിയിച്ചെങ്കിലും, നീ മൊഴി നൽകിയ ശേഷം ആശുപത്രിയിൽ പോയി കിടക്ക് ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട എന്നായിരുന്നു എസ്.ഐ ഷിബുവിന്റെ മൊഴി. അപ്പോഴും കെവിൻ ഓടിരക്ഷപെട്ടു എന്ന നിലപാടാണ് എസ്.ഐ സ്വീകരിച്ചിരുന്നത്.
എസ്.ഐയും എ.എസ്.ഐയും സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടാണ് ഗാന്ധിനഗർ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിലും ജില്ലാ പൊലീസ് മേധാവിയുടെ സ്ഥലം മാറ്റത്തിലും സർക്കാരിന്റെ പ്രതിഛായ നശിപ്പിക്കുന്നതിലും കാര്യങ്ങൾ കൊണ്ട് എത്തിച്ചത്. പക്വതയും പാകതയുമില്ലാത്ത ഒരു വിഭാഗം എസ്.ഐമാരാണ് പല സ്ഥലത്തും ഇത്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് നേരത്തെ തന്നെ പൊലീസിൽ വിമർശനം ഉയർന്നിട്ടുണ്ട്. അമിത ജോലിഭാരവും ഇത്തരക്കാരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.