പൊലീസ് സംഘം താടിയും മുടിയും വളര്‍ത്തി വേഷം മാറി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചിരിന്നു; ഒടുവില്‍ പിടിയിലായത് വന്‍ ചീട്ടുകളി സംഘം; പ്രതിമാസ വരുമാനം അഞ്ച് ലക്ഷം രൂപയിലധികമുള്ള കൊടുങ്ങല്ലൂരെ കട്ടന്‍ ബസാര്‍ കാസിനോ

സ്വന്തം ലേഖകന്‍

കൊടുങ്ങല്ലൂര്‍: ‘കട്ടന്‍ ബസാര്‍ കാസിനോ’ ചീട്ടുകളി കേന്ദ്രത്തില്‍ തൃശൂര്‍ പൊലീസ് സംഘം രാത്രി നടത്തിയ റെയ്ഡില്‍ പിടിയിലായത് എട്ട് പേര്‍. പറയാട് കല്ലുംപുറത്ത് നിജിത്ത്, കൂട്ടമംഗലം സ്വദേശികളായ കണ്ണന്‍ കിലകത്ത് ബദറുദീന്‍, എടവഴി പുറത്ത് മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് തേനാശ്ശേരി ഷെറിന്‍ലാല്‍, എടത്തിരുത്തി കറപ്പംവീട്ടില്‍ യൂസഫ്, മാപ്രാണം ചിറയന്‍ പറമ്പില്‍ അബ്ദുസലീം, മടപ്ലാന്‍തുരുത്ത് ചേരമന്‍ തുരുത്ത് എല്‍ബിന്‍ എന്നിവരാണ് പിടിയിലായത്.

ലോക്കല്‍ പൊലീസിനെ പങ്കെടുപ്പിക്കാതെ സായുധ പൊലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച രാത്രിയായിരുന്നു റെയ്ഡ്. 1,16,000 രൂപയും കളി സാമഗ്രികളും പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പൊലീസ് സംഘം മഫ്തിയിലാണ് അഞ്ചേക്കര്‍ പറമ്പിലെ കളികേന്ദ്രത്തില്‍ എത്തിയത്.

റൂറല്‍ എസ്.പി വിശ്വനാഥിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അഞ്ച് ലക്ഷത്തോളം രൂപയാണ് ചീട്ടുകളി
കേന്ദ്രത്തിന്റെ പ്രതിമാസ വരുമാനം. ഏക്കറുകള്‍ വരുന്ന പറമ്പിന്റെ അഞ്ചു ഭാഗത്തായി ടോര്‍ച്ചുകളുമായി കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹനത്തിലാണ് കളിക്കാരെ എത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിസ്ഥലത്തേക്കുള്ള എല്ലാ വഴികളിലും കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. ഇവിടെ എത്തുക പ്രയാസകരമായതിനാല്‍ പൊലീസ് സംഘം താടിയും മുടിയും വളര്‍ത്തി കളി നടക്കുന്നതിന് മുമ്പ് എത്തി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി രാജേഷിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ, റൂറല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ പി. ജയകൃഷ്ണന്‍, സി.എ. ജോബ്, സി.പി.ഒമാരായ സൂരജ് വി. ദേവ്, മിഥുന്‍ കൃഷ്ണ, അനൂപ് ലാലന്‍, മാനുവല്‍ എന്നിവരാണ് റെയ്ഡ് നടത്തിയത്.