സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് വാങ്ങിയ ജീപ്പുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു; 202 പുതിയ ബൊലേറോയാണ് നിരത്തിലിറക്കിയത്
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് വാങ്ങിയ ജീപ്പുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ, മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
202 പുതിയ ബൊലേറൊ വാഹനങ്ങളാണ് മുഖ്യമന്ത്രി വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയത്. സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച 16.05 കോടി രൂപയിൽ നിന്നാണ് വാഹനങ്ങൾ വാങ്ങിയത്. എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങൾ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ, നിലവിൽ ഒരു വാഹനമുള്ള സ്റ്റേഷനുകൾക്കാണ് ഈ ജീപ്പുകൾ അനുവദിച്ചിട്ടുള്ളത്.
വാഹനങ്ങൾ ലഭ്യമാക്കിയ എസ് ആൻഡ് എസ് മഹീന്ദ്ര കമ്പനിയുടെ സർവ്വീസ് വിഭാഗം ജനറൽ മാനേജർ ജി. സുരേഷ്, എച്ച്.ആർ വിഭാഗം മേധാവി ബി.വേണുഗോപാൽ എന്നിവർ വാഹനങ്ങളുടെ പ്രതീകാത്മകമായ താക്കോൽ മുഖ്യമന്ത്രിക്ക് കൈമാറി. 10 കൊല്ലവും അതിൽ കൂടുതലും പഴക്കമുള്ള വാഹനങ്ങൾ ഇനി മുതൽ ഒരു പൊലീസ് സ്റ്റേഷനിലും ഉണ്ടാവില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group