സ്ത്രീകളെയും 65ന് മുകളിൽ പ്രായമുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും പൊലീസ് സ്റ്റേഷനിലേക്ക് വരുത്തരുത് ; ഇവരെ വീടുകളിൽ പോയി ചോദ്യം ചെയ്യണം : പുതിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗരേഖ ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കസ്റ്റഡി പീഡനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ മാർഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്ത്രീകളെയും 65 വയസിൽ കൂടുതലുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണമെന്ന് പുതിയ കേന്ദ്ര മാർഗരേഖയിൽ വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ലെന്നും കരട് മാർഗരേഖയിൽ പറയുന്നു. പൊലീസിനെ കൂടുതൽ മാനവികമാക്കാനുള്ള പരിഷ്‌കാരങ്ങൾ അടങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെതാണ് (ബിപിആർഡി) കരടുമാർഗരേഖ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.പി.ആർ.ഡിയുടെ പ്രധാന ശുപാർശകൾ ഇങ്ങനെ
അറസ്റ്റിന് മുൻപ്
ഹാജരാകാൻ വിസമ്മതിച്ചെങ്കിൽ മാത്രമേ അറസ്റ്റുചെയ്യാവൂ.
കൂടുതൽ കുറ്റകൃത്യങ്ങൾ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്റ്റ്.
അറസ്റ്റ് ചെയ്യുമ്പോൾ
വ്യക്തമായി എഴുതി തയാറാക്കി നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്റ്റ് മെമ്മോ.
അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താത്പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം.
അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം.
എന്തിനാണ് അറസ്റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചിരിക്കണം.
മുതിർന്ന ഉദ്യോഗസ്ഥർക്കും ജില്ലാ കൺട്രോൾ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങൾ കൈമാറണം.
ജാമ്യമില്ലാക്കേസുകൾ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റിൽ മാത്രമേ വിലങ്ങു വെക്കാവൂ.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാപോലീസ് ഇല്ലെങ്കിൽ ഒരു സ്ത്രീയെ അനുഗമിക്കാൻ അനുവദിക്കണം.
കസ്റ്റഡിയിൽ
അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.
ആവശ്യമെങ്കിൽ സൗജന്യ നിയമസഹായം.
ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന.
നിശ്ചിത ഇടവേളകളിൽ വെള്ളവും ഭക്ഷണവും.
ശാരീരിക പീഡനമേൽപ്പിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം.
വ്യക്തിശുചിത്വം ഉറപ്പാക്കാൻ അടിവസ്ത്രങ്ങൾ ഉൾപ്പെടെ വൃത്തിയുള്ള വസ്ത്രങ്ങൾ ദിവസേന ഉറപ്പാക്കണം.