video
play-sharp-fill
നഗരത്തിലെ പൊലീസ് സാന്നിധ്യത്തിനു തുരങ്കം വയ്ക്കുന്നതാര്: പഴയ പൊലീസ് സ്റ്റേഷൻ മൈതാനം വെറുതെ കിടക്കുമ്പോഴും പൊലീസ് ഇപ്പോഴും പരിധിയ്ക്ക് പുറത്ത്; പൊലീസിനെ പരിധിയ്ക്കു പുറത്തു നിർത്തി നഗരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ

നഗരത്തിലെ പൊലീസ് സാന്നിധ്യത്തിനു തുരങ്കം വയ്ക്കുന്നതാര്: പഴയ പൊലീസ് സ്റ്റേഷൻ മൈതാനം വെറുതെ കിടക്കുമ്പോഴും പൊലീസ് ഇപ്പോഴും പരിധിയ്ക്ക് പുറത്ത്; പൊലീസിനെ പരിധിയ്ക്കു പുറത്തു നിർത്തി നഗരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയുടെ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനെ പരിധിയ്ക്കു പുറത്തേയ്ക്കു പറപ്പിച്ചിട്ട് ഇരുപത് വർഷം. നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോടിമതയിലെ തകർന്നകെട്ടിടത്തിലേയ്ക്കു മാറ്റാൻ പിന്നണിയിൽ പ്രവർത്തിച്ചതും ചരട് വലിച്ചതും നഗരത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ, ഷോപ്പിംഗ് കോംപ്ലസ് നിർമ്മിക്കാനെന്ന പേരിൽ പൊളിച്ച് മാറ്റി ഇരുപത് വർഷം കഴിഞ്ഞിട്ടും ഒരു കല്ല് പോലും ഇട്ടിട്ടില്ല. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജ്വല്ലറിയ്ക്ക് പാർക്കിംഗിനായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനം മതിൽകെട്ടി തിരിച്ചു നൽകിയതൊഴിച്ചാൽ യാതൊരു വികസന പ്രവർത്തനവും പത്തു വർഷത്തിനിടെ ഇവിടെ നടന്നിട്ടില്ല.
കാൽനൂറ്റാണ്ട് മുൻപ് നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിനു എതിർവശത്തായിരുന്നു വെസ്റ്റ് പൊലീസ് സ്റ്റേഷനും സിഐ ഓഫിസും പ്രവർത്തിച്ചിരുന്നത്. പൊലീസും നഗരസഭ അധികൃതരും വർഷങ്ങളോളം നടത്തിയ കേസിനും വഴക്കിനും വക്കാണത്തിനും ഒടുവിലാണ് പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ച് ഷോപ്പിംങ് കോംപ്ലക്‌സ് നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചത്. അതിവേഗം പൊലീസ് സ്റ്റേഷൻ കെട്ടിടം ഒഴിപ്പിച്ച്, ഇടിച്ചു നിരത്തിയ നഗരസഭ പക്ഷേ, ആ ഒരു വേഗവും സാമർത്ഥ്യവും പുതിയ കെട്ടിടമോ ഷോപ്പിംങ് കോംപ്ലക്‌സോ നിർമ്മിക്കുന്നതിനു കാണിച്ചില്ല. നഗരസഭയുടെ പുതിയ ഷോപ്പിംങ് കോപ്ലക്‌സിൽ ഒരു സ്ഥലം പൊലീസ് സ്റ്റേഷനും സിഐ ഓഫിസിനുമായി നൽകാമെന്നതായിരുന്നു അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനവും.
എട്ടു നില നിർമ്മിക്കാനുള്ള അടിത്തറ കെട്ടിയതിനു ശേഷം, ജോസ്‌കോ എന്ന സ്വകാര്യ ജ്വല്ലറിയ്ക്കു മാത്രം രാജീവ് ഗാന്ധി കോപ്ലക്‌സ് വാടകയ്ക്കു നൽകിയ നഗരസഭയുടെ തീരുമാനത്തിന്റെ ഗതി തന്നെയായിരുന്നു പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ച മൈതാനത്തെയും കാത്തിരുന്നത്. കോടിമതയിൽ കൊടൂരാറിന്റെ കരയിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷനെ പക്ഷേ, കാത്തിരുന്നത് പരാധീനതകളുടെ ലോകമായിരുന്നു. കാറ്റും വെളിച്ചവും കയറാത്ത, പക്ഷേ, ഒരു മഴ പെയ്താൽ കൃത്യമായി വെള്ളം കയറുന്ന പൊലീസ് സ്റ്റേഷനിൽ ഇരുപത് വർഷമായി പൊലീസുകാർ ശ്വാസം മുട്ടുകയാണ്. ചതുപ്പിൽ നിർമ്മിച്ച പൊലീസ് സ്റ്റേഷന്റെ ഭിത്തി പലയിടത്തും വിണ്ടു കീറുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു പോയി.
ഏത് രാത്രിയിലും നഗരമധ്യത്തിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നെന്ന ജനങ്ങളുടെ ഉറപ്പിന്റെ മുകളിൽ കൂടിയാണ് നഗരസഭ അധികൃതർ കത്തി വച്ചത്. ഇതോടെ രാത്രിയിൽ പേരിനു മാത്രം പൊലീസുള്ള നഗരമായി കോട്ടയം മാറി. കോട്ടയത്തെ നഗരസഭ ഭരണക്കാരും രാഷ്ട്രീയക്കാരും ഒന്നിച്ച് നിന്ന് പൊലീസിനെ പരിധിയ്ക്കു പുറത്തേയ്ക്ക് കെട്ടുകെട്ടിച്ചു.