കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: രണ്ടു പ്രതികൾക്കും ജാമ്യമില്ല; കേസ് കൂടുതൽ മുറുക്കി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പിൽ പ്രതികളിൽ ഒരാൾക്ക് പോലും ജാമ്യം ലഭിച്ചില്ല. ശനിയാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടു പേരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്ത്കളത്തിൽ ജിനോ ഭവനിൽ കെ.വി വിശ്വനാഥൻഷ ഭാര്യ രമണി (66), മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെയാണ് കഴിഞ്ഞ ആഴ്ച കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ നാലു പേരും റിമാൻഡിലാണ്.
ഇതിനിടെയാണ് കേസിലെ മൂന്നും നാലും പ്രതികളായ നീതുവിനും ജയചന്ദ്രനും വേണ്ടി വെള്ളിയാഴ്ച കോട്ടയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ ജാമ്യാപേക്ഷ എത്തിയത്. എന്നാൽ, രണ്ടു പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. നിലവിൽ പൊലീസ് ഏഴു കേസുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ നാലു പേർക്കുമെതിരെ ചുമത്തും. ഇതോടെ പ്രതികൾക്ക് കേസുകളിൽ ജാമ്യം ലഭിക്കുന്നത് ഏറെ വൈകുമെന്നാണ് ലഭിക്കുന്ന സൂചന.
ഇതിനിടെ കഴിഞ്ഞ ആഴ്ച മജിസ്‌ട്രേറ്റ് കോടതി തള്ളിയ ജാമ്യാപേക്ഷ ശനിയാഴ്ച് ഇവർ വീണ്ടും ജില്ലാ കോടതിയിൽ സമർപ്പിക്കുന്നുണ്ട്. കേസിൽ ഇവർക്ക് ജാമ്യം ലഭിക്കുമോ ഇല്ലയോ എന്ന് ശനിയാഴ്ച ഉച്ചയോടെ അറിയാൻ സാധിക്കും.
എന്നാൽ, 29 ന് രാവിലെ പത്തിനു തിരുനക്കര ആനന്ദമന്ദിരം ഹോട്ടൽ ഓഡിറ്റോറിയത്തിൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പിൽ പണം നിക്ഷേപിച്ച് തട്ടിപ്പിനു ഇരയായവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ കൂടുതൽ സമര പരിപാടികൾ സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group