മാങ്ങാക്കള്ളൻ പോലീസിനെ പിടിക്കാതെ പോലീസ്;പോലീസിന്റെ ഒത്തുകളിക്കൊടുവിൽ കേസ് ഒത്തുതീർപ്പിലേക്ക്…
കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. അപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ പച്ചക്കറിക്കടയിൽനിന്നാണ് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ 10 സെൻറ് കോളനിയിൽ പുതുപ്പറമ്പിൽ പി.ബി. ഷിഹാബാണ് (36) മോഷണക്കേസിൽ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻകൂർ ജാമ്യത്തിന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.
വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ പ്രവർത്തനം പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാൽ ഡി.ജി.പി തലത്തിൽ വരെയുള്ള ഇടപെടലാണ് ഉണ്ടായത്. ഇയാൾ മുമ്പ് പീഡനക്കേസിൽ ഇരയെ ശല്യം ചെയ്തതിലും വീടുകയറി ആക്രമിച്ചതടക്കമുള്ള കേസ് വിചാരണയിലാണ്. ഇതിനിടയിലാണ് പുതിയ കേസ് കൂടി വന്നത്.
പൊലീസിൻറെ അന്വേഷണത്തെ കുറിച്ച് പൊലീസുകാരൻ കൂടിയായ ഷിഹാബിന് നല്ല അറിവുണ്ട്. ഇക്കാരണത്താലാണ് പ്രതിയിലേക്ക് എത്താൻ കാഞ്ഞിരപ്പളളി പൊലീസിന് കഴിയാത്തതെന്നും ആക്ഷേപമുണ്ട്. ഷിഹാബ് തൃശൂരിലും പാലക്കാടും ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഒരുതുമ്പും പൊലീസിന് ലഭിക്കാതായത്.