വിവേകാനന്ദപ്പാറയിൽ മോദി 45 മണിക്കൂർ ധ്യാനമിരിക്കും; സുരക്ഷ ഒരുക്കാൻ എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സ്വാമി വിവേകാനന്ദ സ്‌മാരകത്തിൽ 45 മണിക്കൂറാണ് മോദി ധ്യാനനിമഗ്നനാകുക. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്.
നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്കു പോകും. ഇന്ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. ധ്യാനത്തിനു ശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ പ്രധാനമന്ത്രി തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയിൽ മോദി ധ്യാനമിരിന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970 ലാണു സ്മാരകം പണിതത്. കരയില്‍ നിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കല്‍പം.