
തിരുവനന്തപുരം: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് പണം തട്ടിയെടുത്തെന്ന ആരോപണം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.
തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ടല്ലോ എന്നും അത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ അതിന്‍റെ ഭാഗമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പി.എസ്.സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാൻ കഴിയില്ല. അംഗങ്ങളെ നിയമിക്കുന്നതിൽ ഒരു തരത്തിലും വഴിവിട്ട ബന്ധങ്ങളും ഉണ്ടാകാറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പുകൾ പലതരത്തിൽ നാട്ടിൽ നടക്കുന്നുണ്ടല്ലോ. ഏതെല്ലാം തരത്തിലുള്ള തട്ടിപ്പുകൾക്കുവേണ്ടി ആളുകൾ ശ്രമിക്കുന്നു. അത്തരം തട്ടിപ്പുകൾ നടക്കുമ്പോൾ അതിന്‍റെ ഭാഗമായ നടപടികൾ സ്വാഭാവികമായി ഉണ്ടാകും -മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി അംഗത്വം വാഗ്ദാനംചെയ്ത് കോഴിക്കേട് ടൗൺ ഏരിയ കമ്മിറ്റി അംഗമായ സി.ഐ.ടി.യു നേതാവ് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കോഴിക്കോട്ടെ ഡോക്ടർക്കാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്തത്.
60 ലക്ഷം രൂപ ആവശ്യപ്പെട്ടതിൽ 22 ലക്ഷം രൂപ യുവനേതാവ് തെരഞ്ഞെടുപ്പിനുമുമ്പേ കൈപ്പറ്റിയെന്നാണ് പരാതി.
പി.എസ്.സി അംഗത്വം കിട്ടാനിടയില്ലെന്ന് വന്നപ്പോൾ ആരോഗ്യവകുപ്പിൽ ഉയർന്ന പദവിയും വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
പാർട്ടി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയുടെ പ്രാഥമികാന്വേഷണത്തിൽ തന്നെ സാമ്പത്തിക ഇടപാടുകളുടെ സൂചന ലഭിച്ചതോടെ വിഷയം ചർച്ചചെയ്ത് നടപടി സ്വീകരിക്കാൻ ജില്ല നേതൃത്വത്തോട് നിർദേശിച്ചിരിക്കുകയാണ്. ഇന്ന് ചേരുന്ന കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും.