
കൊച്ചി: സ്കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംമുകള്‍ കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യ (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകള്‍ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയില്‍ സ്കൂള്‍
ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളില്‍ ഉച്ചഭക്ഷണവും കരുതിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹേഷ് – രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ.







