
കുഞ്ഞുങ്ങളോട് ഈ സര്‍ക്കാരിനെന്താണ് ഇത്ര വൈരാഗ്യം: ഈ ശാപമൊക്കെ എവിടെ കഴുകിക്കളയും: പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പികെ ഫിറോസ്;
സ്വന്തം ലേഖകൻ
കോഴിക്കോട്: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇടപെട്ട പോക്‌സോ കേസുകളുടെ ഇന്നത്തെ സ്ഥിതി പറഞ്ഞുകൊണ്ടാണ് ഫിറോസിന്റെ വിമര്‍ശനം. നമ്മുടെ കുഞ്ഞുങ്ങളോട് സര്‍ക്കാരിനെന്താണ് ഇത്ര പകയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പൊലീസ് വകുപ്പിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചറിനെതിരേയും ഇദ്ദേഹം വിമർശനമുയർത്തുന്നുണ്ട്. ഈ സര്‍ക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക? എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവം ഓര്‍മ്മയില്ലേ? വിവരം ചൈല്‍ഡ് ലൈനെ അറിയിച്ച തിയേറ്റര്‍ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പൊലീസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികള്‍ക്കും നീതി കിട്ടിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യത്തെ കുട്ടി പീഡനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പൊലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോള്‍ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികള്‍ കേസില്‍ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പൊലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.
ഒരു പോലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികള്‍ കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് പറഞ്ഞ പൊലീസുദ്യോഗസ്ഥന്‍ പോലും ഇപ്പോഴും സര്‍വ്വീസില്‍ ഞെളിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള പീഡനമായിട്ടും പോക്‌സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാന്‍ പോകുന്നില്ല.
ശിശുക്ഷേമ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശ്രീമതി ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ…നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കില്‍ ഈ നിലപാടായിരുന്നോ നിങ്ങള്‍ സ്വീകരിക്കുക എന്നും ഫിറോസ് വിമർശിച്ചു.