
ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് ഇപ്പോഴും വേദന ഉണ്ടെന്നും അസുഖം മാറുമെന്ന് ശുഭപ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല ചികിത്സ ആണ് നൽകേണ്ടത്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ സാധാരണ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം. വന്യജീവി പ്രശ്നത്തിൽ ഫലപ്രദമായ നടപടികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാർ നേരത്തെ തുടങ്ങിവച്ച ചില പദ്ധതികളുമുണ്ട്. അതിനൊക്കെ തുടർച്ച വേണം. കൂടുതൽ ആപത്തുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ വേണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഇടുക്കി ചിന്നക്കനാലിൽ അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ അമ്മ മാരി മരിച്ചിരുന്നു.






