കേരളത്തിന്റെ പുനർ നിർമ്മിതിയ്ക്കുവേണ്ടി വിളിച്ചു കൂട്ടിയ നിയമസഭാ സമ്മേളനത്തിലും ചെളി വാരിയെറിയൽ മാത്രം

കേരളത്തിന്റെ പുനർ നിർമ്മിതിയ്ക്കുവേണ്ടി വിളിച്ചു കൂട്ടിയ നിയമസഭാ സമ്മേളനത്തിലും ചെളി വാരിയെറിയൽ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നൂറ്റാണ്ടിലെ മാഹാപ്രളയവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ ഒരു ദിവസ പ്രത്യേക നിയമസഭാ സമ്മേളനത്തിലും ചെളി വാരിയെറിയൽ മാത്രം. നവകേരളത്തിനായി രൂപരേഖയും നിർദേശങ്ങളും അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമെന്ന് കരുതിയിരുന്ന സമ്മേളനം പക്ഷേ പതിവ് രാഷ്ട്രീയ പ്രത്യാരോപണങ്ങളുടെ വേദി മാത്രമായി.എല്ലാ സമ്മേളനങ്ങളേയും പോലെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനും അതിന് മറുപടി പറയാനും ഒരു ദിനം മുഴുവൻ മാറ്റി വച്ചപ്പോൾ സർക്കാർ ഖജനാവിന് നഷ്ടം ഒരു കോടി 93 ലക്ഷം രൂപ.

നിയമസഭാ സെക്രട്ടറിയേറ്റിലെ ആയിരത്തോളം ജീവനക്കർക്ക് ഓവർടൈം അടക്കമുള്ള ശമ്പളം,സുരക്ഷാ ചെലവ്,എംഎൽമാരുടെയും സഹായികളുടെയും യാത്രാചെലവ്, സിറ്റിംഗ് ഫീ എന്നിവയടക്കമാണ് ചെലവ് ഇത്രയും ആകുന്നത്. പല എംഎൽഎമാരും തലേദിവസം എത്തിയതിനാൽ 3 ദിവസത്തെ ബാറ്റ ഒരു ദിന സമ്മേളനത്തിനും നൽകേണ്ടി വരും. നവ കേരള സൃഷ്ടിക്കായുള്ള ക്രിയാത്മക നിർദേശങ്ങൾ അംഗങ്ങൾ മുന്നോട്ട് വയ്ക്കണമെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനം വിളിച്ചു കൂട്ടിയത്.എന്നാൽ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നതിലായിന്നു സംസാരിച്ച അംഗങ്ങൾക്കെല്ലാം ശ്രദ്ധ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ പൊതു സ്ഥിതി മുഖ്യമന്ത്രി ആമുഖമായി വ്യക്തമായി അവതരിപ്പിച്ചെങ്കിലും അംഗങ്ങളിൽ നിന്ന് നാടിനെ പുനർനിർമ്മിക്കാനുള്ള ഒരു നിർദേശവും വന്നില്ല എന്നത് ശ്രദ്ധേയമായി.മറുപടി പ്രസംഗത്തിൽ അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കും ആരോപണങ്ങൾക്ക് മറുപടി പറയാനേ സാധിച്ചുള്ളൂ.സഭക്ക് പുറത്ത് പലവട്ടം ചർച്ചചെയ്യപ്പെട്ട വിഷയങ്ങളാണ് ഖജനാവിലെ വലിയ തുക ചെലവാക്കിയുള്ള പ്രത്യേക സമ്മേളനത്തിലും നിറഞ്ഞു നിന്നത്.സംസ്ഥാന പുനർനിർമിതിക്ക് ഒരു നിർദേശം പോലും പ്രതിപക്ഷത്തിനും സർക്കാരിന് മുന്നിൽ വയ്ക്കാൻ സാധിച്ചില്ല. പൊതുപണം ചെലവഴിച്ച് ഇങ്ങനെ ഒരു സമ്മേളനം വേണ്ടിയിരുന്നോ എന്ന ചോദ്യം സാമ്പത്തിക വിദഗ്ധരുടെ ഭാഗത്തു നിന്നും ഉയർന്നിട്ടുണ്ട്. പ്രത്യേക സമ്മേളനത്തിന്റെ പേരിൽ കിട്ടേണ്ടുന്ന തുക വേണ്ടെന്ന് വയ്ക്കാൻ എംഎൽഎമാരും ജീവനക്കാരും തയ്യാറാകുമോ എന്ന ചോദ്യവും സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.