പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ? മാർത്തോമാ സഭയെ രംഗത്തിറക്കി മന്ത്രി സ്ഥാനം സംരക്ഷിക്കാൻ മാത്യു റ്റി. തോമസ്

പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ? മാർത്തോമാ സഭയെ രംഗത്തിറക്കി മന്ത്രി സ്ഥാനം സംരക്ഷിക്കാൻ മാത്യു റ്റി. തോമസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് വർഷം പൂർത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പുറത്ത് പോവേണ്ടി വന്നത് മൂന്ന് മന്ത്രിമാർക്കായിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ സിപിഎം മന്ത്രിയായ ഇപി ജയരാജനായിരുന്നു ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോൺ വിളിയുടെ പേരിൽ എൻസിപി നേതാവ് ശശ്രീന്ദ്രനെ എൻ.സി.പിയിലെ തോമസ് ചാണ്ടി വിഭാഗം തന്നെ പുകച്ച് പുറത്തു ചാടിച്ചു. ശശീന്ദ്രനു പകരമെത്തിയ തോമസ് ചാണ്ടി കായൽ കൈയ്യേറിയെന്ന ആരോപണങ്ങൾ കത്തി നിൽക്കെ ശശീന്ദ്രൻ വിഭാഗം തോമസ് ചാണ്ടിയേയും പുറത്താക്കി.
എന്നാൽ പിണറായി മന്ത്രിസഭയിലെ തന്നെ മികച്ച പ്രതിച്ഛായയുള്ള മാത്യൂ ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ചിറ്റൂർ എംഎൽഎയായ കെ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്നാണ് മാത്യൂ ടി തോമസ് വിരുദ്ധ പക്ഷം മുന്നോട്ടു വെക്കുന്ന ആവശ്യം. എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായി തന്നെ പ്രതിരോധം തീർത്തിരിക്കുകയാണ് മാത്യൂ ടി തോമസ് പക്ഷം. എന്നാൽ പിണറായി വിജയൻ മാത്യു റ്റി തോമസിനെ ശക്തമായി പിന്തുണയ്ക്കുന്നു. മൂന്നംഗങ്ങളാണ് ജനതാദളിന്റെ നിയമസഭാകക്ഷിയിൽ ഉള്ളത്. വടകര എംഎൽഎയായ സികെ നാണുവാണ് നിയമസഭാകക്ഷി നേതാവ്. അദ്ദേഹം കൃഷ്ണൻകുട്ടിയെ പിന്തുണക്കുമെന്നതിനാൽ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിച്ച് മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് കൃഷ്ണൻകുട്ടി പക്ഷത്തിന്റെ പ്രധാന ആവശ്യം. അതേസമയം സി.പി.എമ്മിനെ കൂട്ടുപിടിച്ച് ഏതു വിധേനയും മന്ത്രി സ്ഥാനം നിലനിർത്താനാണ് മാത്യു റ്റി തോമസിന്റെ നീക്കം. ഇതിനായി മാർത്തോമാ സഭയെ നേരിട്ട് വിഷയത്തിൽ ഇടപെടുത്താൻ മാത്യു റ്റി തോമസിന് കഴിഞ്ഞിട്ടുണ്ട്.