play-sharp-fill
മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം

സ്വന്തം ലേഖകൻ

ബാൾടിമോർ: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിൽ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സർക്കാർ എടുത്ത ഫലപ്രദമായ നടപടികൾക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. 1996ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവൻമാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാർങധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.