ആകാശം മുട്ടുന്ന സാഹസികത; ഇവർ പറക്കുന്നത് ജീവനും കയ്യിലെടുത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജീവനും കയ്യിലെടുത്ത് പറക്കുന്ന പൈലറ്റുമാരുടെ സാഹസിക സേവനങ്ങളെ കുറിച്ച് ഒരിയ്ക്കലും നമ്മൾ മലയാളികൾ അറിയാതെ പോകരുത്. വെള്ളപ്പൊക്കത്തിൽ ഒരുപാട് വെല്ലുവിളികൾ ഒരുപോലെ നേരിട്ടവരാണ് വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരും അവരെ രക്ഷപ്പെടുത്താനായി നിയോഗിച്ച ഈ എയർഫോഴ്സ് ഉദ്യോഗസ്ഥരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സാരംഗ് ഹെലികോപ്ടറിലെ 14 എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ആ അഞ്ച് ദിവസങ്ങളിലും വിശ്രമം ഉണ്ടായിരുന്നില്ല. ഇതിലെ ടീം ലീഡറായിരുന്ന വിംഗ് കമാൻഡർ ഭഗൽകോട്ട് സ്വദേശി ഗിരീഷ് കോമറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. വെള്ളപ്പൊക്കം വളരെയധികം നാശം വിതച്ച ആലുവ, ചാലക്കുടി, പുളിഞ്ചോട്, ചെങ്ങന്നൂർ മേഖലകളിൽ ഇവർ രാവും പകലും വിശ്രമമില്ലാതെയാണ് പ്രവർത്തിച്ചത്. സ്വന്തം ജീവൻ പോലും അപകടത്തിൽപ്പെടുന്ന സന്ദർഭങ്ങളെ പോലും അതിജീവിച്ചാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. നല്ല മഴയുള്ളപ്പോൾ പോലും തെങ്ങിലൂടെ ഊർന്നിറങ്ങിയും, വലിയ കെട്ടിടങ്ങൾക്ക് മുകളിൽ ചാടിയും ഇവർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ഗർഭിണികളേയും, പ്രായമായവരേയും കുട്ടികളേയും ഉൾപ്പെടെ നൂറുകണക്കിനു പേർക്കാണ് ഇവർ പുനർ ജീവൻ നൽകിയത്. നിരവധി പേർക്ക് ഭക്ഷണപൊതികൾ എറിഞ്ഞ് നൽകിയും കുടിവെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തും, മരുന്നുകൾ നൽകിയും ഇവർ സേവനത്തിലേർപ്പെട്ടു. പല അപകടങ്ങളും അത്ഭുതകരമായി തരണം ചെയ്തുവെന്നാണ് ഗിരീഷ് തേർഡ് ഐ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.