പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

  • സ്വന്തം ലേഖിക

തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തി.

ചൊവ്വാഴ്ച രാവിലെയാണു ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിന്റെ മുന്‍വശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ പമ്പില്‍നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാകുകയായിരുന്നു. പമ്പില്‍ നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ ഇടയ്ക്കു മകള്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്നു പറഞ്ഞു ഫോണ്‍ വച്ചു. പിന്നീട് ഫോണ്‍ ഓഫായി. ഇതിനെത്തുടര്‍ന്നു കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ 12.50-നാണു പെട്രോള്‍ പമ്പില്‍നിന്നു മനോഹരന്‍ കാറില്‍ വീട്ടിലേക്കു യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.