പെരുമ്പാവൂരിലെ അരുംകൊല; മലയാളി കുടുംബങ്ങൾ ഭീതിയിൽ

പെരുമ്പാവൂരിലെ അരുംകൊല; മലയാളി കുടുംബങ്ങൾ ഭീതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി : പെരുമ്പാവൂരിലെ അന്യ സംസ്ഥാനത്തൊഴിലാളികളുടെ വരവ് മലയാളി കുടുംബങ്ങളിൽ ഭീതി വിതയ്ക്കുന്നു. ജിഷ കൊലക്കേസിന്റെ നടുക്കത്തിൽനിന്ന് കരകയരുന്നതിനു മുൻപുതന്നെ പെരുമ്പാവൂരിൽ വീണ്ടും നടന്ന കൊല ജനങ്ങളിൽ ഭീതിയുയർത്തി. തൊട്ടടുത്ത് വാടകയ്ക്കു താമസിച്ചിരുന്നയാളാണ് പ്രതിയെന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. നിയമ വിദ്യാർഥിനിയായ ജിഷ ക്രൂരമായി കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന്, മറ്റ് സംസ്ഥാനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും ഇവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനുമൊക്കെ തീരുമാനമുണ്ടായെങ്കിലും അതൊന്നും പ്രായോഗികമായില്ല. എത്രപേർ ജില്ലയിൽ ഉണ്ടെന്നതിനു പോലും കണക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലീസിന്റെ സഹായത്തോടെ മറുനാടൻ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മറുനാടൻ തൊഴിലാളികൾ തമ്പടിച്ചിട്ടുള്ളതു പെരുമ്പാവൂരിലാണ്. ഇവിടെയാണ് ഇവരുടെ അക്രമസംഭവങ്ങളും കൂടുന്നത്. ഇവരുടെ രജിസ്ട്രേഷനും മറ്റുമായി, നഗരസഭ പ്രത്യേക സെൽ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. സ്വന്തം നാട്ടിൽ വൻ കുറ്റകൃത്യം നടത്തിയ ശേഷം പോലീസിനെ വെട്ടിച്ച് മുങ്ങുന്നവരാണ് കേരളത്തിലും സമാന മാതൃകയിൽ അക്രമം കാട്ടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലൈവുഡ് ഫാക്ടറികളിലും ക്വാറികളിലും ജോലിക്കെത്തുന്നവരുടെ കണക്ക് വ്യവസായ സ്ഥാപനത്തിന്റെ പക്കലില്ല. അതിനു മറ്റൊരു കാരണം , പകുതിയോളം പ്ലൈവുഡ് ഫാക്ടറികളും ക്വാറികളും ലൈസൻസ് ഇല്ലാത്തവയാണ്. അതുകൊണ്ട് ഈ സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങളും പാലിക്കുന്നില്ല. വാടകയ്ക്ക് താമസിപ്പിക്കുന്നവർക്കും തൊഴിലാളികളുടെ പേരും വിലാസവും അറിയില്ല. അഞ്ചുപേർക്ക് താമസിക്കാൻ പറ്റുന്ന വീട്ടിൽ ചിലപ്പോൾ പത്ത് പേരുണ്ടാകും. രാവിലെ മുതൽ മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കുന്ന ശീലക്കാരാണ് അധികവും. മിക്ക സ്ഥാപനങ്ങളുടെയും നിലനിൽപ്പ് ഭായിമാരിലാണ്. നിർമാണ മേഖലയിൽ ഇവർ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. മദ്യപിച്ച് ലക്കുകെട്ട് തമ്മിൽ അടിപിടിയുണ്ടാക്കുന്നത് പെരുമ്പാവൂരിലെ പതിവുകാഴ്ചയാണ്. അവർ തമ്മിലുള്ള സംഘട്ടനം കൊലപാതകത്തിൽ വരെ എത്താറുണ്ട്.