പെരിയ ഇരട്ടക്കൊലപാതകം : സിബിഐയെ എതിർക്കാൻ ഡൽഹിയിൽ നിന്നും അഭിഭാഷകനെ ഇറക്കി സർക്കാർ ; ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവേൽക്കുന്നത് എങ്ങനെ ; പെരിയ  കേസിൽ സിബിഐ അന്വേഷണത്തിൽ സ്റ്റേ നൽകാൻ വിസ്സമ്മതിച്ച് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതകം : സിബിഐയെ എതിർക്കാൻ ഡൽഹിയിൽ നിന്നും അഭിഭാഷകനെ ഇറക്കി സർക്കാർ ; ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ മുറിവേൽക്കുന്നത് എങ്ങനെ ; പെരിയ കേസിൽ സിബിഐ അന്വേഷണത്തിൽ സ്റ്റേ നൽകാൻ വിസ്സമ്മതിച്ച് ഹൈക്കോടതി

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാരിന് വേണ്ടി വാദിക്കാൻ ഡൽഹിയിൽ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് പ്രതിഫലം 25 ലക്ഷം രൂപ.

മുൻ സോളിസിറ്റർ ജനറലും സീനിയർ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഫീസ് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയ കത്ത് കണക്കിലെടുത്ത് ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ് (എം വിഭാഗം) ശരവേഗത്തിൽ പണം അനുവദിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയ ഇരട്ടകൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

എന്നാൽ രഞ്ജിത്ത് കുമാർ സർക്കാരിന് വേണ്ടി ഹാജരായിട്ടും പെരിയ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണത്തിന് സ്റ്റേ അനുവദിച്ചില്ല.കുറ്റപത്രത്തിൽ പോരായ്മയുണ്ട്. സർക്കാർ വാദം മാനിച്ച് തിങ്കളാഴ്ച കേസിൽ വാദം കേൾക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകി.

ജിഐ പൈപ്പ് കൊണ്ട് അടിച്ചാൽ വാളുകൊണ്ട് വെട്ടിയ മുറിവ് എങ്ങനെ തലയിൽ വരുമെന്ന് വാദത്തിനിടെ കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചിരുന്നു. കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ട്. കേസിൽ ശരിയായ അന്വേഷണം നടത്തിയോയെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് വിചാരണകോടതി പോലെയാണ് പെരുമാറിയതെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. തെളിവുകളുടെ പരിശോധന നടത്തേണ്ടത് വിചാരണ വേളയിലാണെന്നും സർക്കാർ വാദിച്ചു. കേസ് ഏറ്റെടുത്തെങ്കിലും കേസ് ഡയറി ലഭിക്കാത്തതിനാൽ അന്വേഷണം തുടങ്ങാനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായി ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ വാദിക്കാനാണ് രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായിരുന്നു സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ രഞ്ജിത് കുമാർ.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. ഇതു രാഷ്ട്രീയ കൊലപാതകമാണെന്നും വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലയല്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉത്തരവിട്ടത്.

രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷമായി അന്വേഷിക്കാനായോ എന്നു സംശയമുണ്ടെന്നു കോടതി നിരീക്ഷിച്ചു. പെരിയ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്നും, അല്ലെങ്കിൽ പ്രതികളായ പീതാംബരൻ, ജിജിൻ, ശ്രീരാഗ്, അശ്വിൻ എന്നിവരെ ഉദുമയിലെ പാർട്ടി ഓഫിസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു.

മുൻപ് ഷുഹൈബ് കൊലക്കേസ് സിബിഐക്കു വിടുന്നതിനെതിരെ വാദിക്കാൻ 50 ലക്ഷം രൂപ മുടക്കിയാണ് സർക്കാർ അഭിഭാഷകനെ ഇറക്കുമതി ചെയ്തത്. വാളയാറിലെ പെൺകുട്ടികളുടെ പീഡനമരണക്കേസിൽ പ്രോസിക്യൂഷൻ ശരിയായി വാദിക്കാതെ പ്രതികളെ വെറുതെ വിടാൻ സാഹചര്യം ഉണ്ടായത് വിവാദമായതിനിടെയാണ്, പെരിയയിലെ രാഷ്ട്രീയക്കൊലയിൽ സർക്കാർ ഖജനാവിൽ നിന്നും വൻതോതിൽ പണം നൽകി അഭിഭാഷകനെ നിയോഗിച്ചിരിക്കുന്നത്.