കോട്ടയത്ത് പി.സി തോമസ് യുഡിഎഫ് സ്ഥാനാർത്ഥി: കേരള കോൺഗ്രസുകൾ ഒന്നാകാൻ മാണി തോമസ് ഫോർമുല; കേരള കോൺഗ്രസ് കൂട്ടായ്മയ്ക്ക് രണ്ടു സീറ്റ്; ഞെട്ടിവിറച്ച് ബിജെപി ക്യാമ്പ്; കേരളത്തിൽ വീണ്ടും എൻഡിഎ പൊളിയുന്നു

കോട്ടയത്ത് പി.സി തോമസ് യുഡിഎഫ് സ്ഥാനാർത്ഥി: കേരള കോൺഗ്രസുകൾ ഒന്നാകാൻ മാണി തോമസ് ഫോർമുല; കേരള കോൺഗ്രസ് കൂട്ടായ്മയ്ക്ക് രണ്ടു സീറ്റ്; ഞെട്ടിവിറച്ച് ബിജെപി ക്യാമ്പ്; കേരളത്തിൽ വീണ്ടും എൻഡിഎ പൊളിയുന്നു

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസുകൾ തമ്മിൽ ലയിച്ച് ഒന്നാകണമെന്ന ആഹ്വാനമുയർത്തി കെ.എം മാണിയുടെ തന്ത്രപരമായ നീക്കത്തിൽ മറ്റു കേരള കോൺഗ്രസുകൾ വീണു. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസ് കൂട്ടായ്മ രൂപീകരിക്കാൻ മാണി തയ്യാറെടുക്കുമ്പോൾ, ലക്ഷ്യം രണ്ട് പാർലമെന്റ് സീറ്റാണ്. മകൻ ജോസ് കെ.മാണി രാജ്യസഭയിൽ സേഫായതോടെ കോട്ടയവും ഇടുക്കി സീറ്റും വാങ്ങിയെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് കെ.എം മാണിയുടെ ബുദ്ധി. ഇതിനു പിന്നിൽ കളിക്കുന്നതാകട്ടെ, ഇപ്പോഴത്തെ പാർട്ടിയുടെ ബുദ്ധി കേന്ദ്രമായ ജോസ് കെ.മാണിയും.
ബുധനാഴ്ച രാവിലെ കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള കോൺഗ്രസുകളുടെ കൂട്ടായ്മാ സമ്മേളനത്തിലാണ് ലയനത്തിനു വഴി തുറന്ന് കെ.എം മാണിയുടെ തന്ത്രപരമായ നീക്കമുണ്ടായത്. കേരള കോൺഗ്രസുകളുടെ വഴികാട്ടിയും, തുടക്കക്കാരനുമായ പി.ടി ചാക്കോയുടെ അനുസ്മരണ സമ്മേളനമായിരുന്നു മാണി എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ നീക്കങ്ങൾക്കു വേദിയായത്. നിലവിൽ എൻഡിഎയുടെ ഭാഗമായ പി.സി തോമസ് വിഭാഗമാണ് കോട്ടയത്ത് പരിപാടി സംഘടിപ്പിച്ചത്. കേരള കോൺഗ്രസ് നേതാക്കളായ കെ.എം മാണി, ഫ്രാൻസിസ് ജോർജ്, പി.സി തോമസ്, ജോണി നെല്ലൂർ എന്നിവരാണ് പ്രധാനമായും പരിപാടിയ്ക്ക് എത്തിയത്. ആർ.ബാലകൃഷ്ണപിള്ളയെ പരിപാടിയിലേയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും ആരോഗ്യം ശരിയല്ലെന്ന കാരണം പറഞ്ഞ് ഒഴിവാകുകയായിരുന്നു. കേരള കോൺഗ്രസ് ഇപ്പോൾ പേരിനൊപ്പമില്ലാത്ത പി.സി ജോർജിനെ ക്ഷണിച്ചതുമില്ല.
രണ്ടു വർഷത്തോളം യുഡിഎഫ് മുന്നണിയിൽ നിന്നു വിട്ടു നിന്ന ശേഷം തിരികെ എത്തുന്ന കേരള കോൺഗ്രസ് പാർട്ടിയെ കോൺഗ്രസും യുഡിഎഫ് മുന്നണിയും തഴയാതിരിക്കണമെങ്കിൽ കരുത്ത് വർധിപ്പിച്ചു കാട്ടുകയേ മാർഗമുള്ളൂ എന്നു കെ.എം മാണിയും, മകൻ ജോസ് കെ.മാണിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കണ്ടു കൊണ്ടു തന്നെ ജോസ് കെ.മാണിയുടെ നിർദേശ പ്രകാരമാണ് ബുധനാഴ്ച നടന്ന കേരള കോൺഗ്രസിന്റെ പി.ടി ചാക്കോ അനുസ്മരണ സമ്മേളനത്തിൽ കെ.എം മാണി തന്നെ നേരിട്ട് എത്തിയത്. നേരത്തെ ഇത്തരത്തിൽ മറ്റേതെങ്കിലും കേരള കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചാൽ പങ്കെടുക്കുന്ന പതിവ് മുൻ വർഷങ്ങളിൽ കെ.എം മാണിക്കില്ലായിരുന്നു. എന്നാൽ, ഇക്കുറി ചിലത് തീരുമാനിച്ച് ഉറപ്പിച്ചതിനാലാണ് കെ.എം മാണി കേരള കോൺഗ്രസ് സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തത്.
എല്ലാ കേരള കോൺഗ്രസുകളെയും കൂട്ടി യോജിപ്പിക്കാനുള്ള നിയോഗം ഇത്തവണ പി.സി തോമസിനെയാണ് കെ.എം മാണി ഏൽപ്പിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ കേരള കോൺഗ്രസുകളെയും ഒന്നിപ്പിച്ച് കെ.എം മാണിയുടെ കേരള കോൺഗ്രസ് എമ്മിന്റെ പാളയത്തിൽ എത്തിക്കും. ഈ നാല് കേരള കോൺഗ്രസുകളും ഒന്നിച്ച് നിന്ന് യുഡിഎഫിൽ വില പേശൽ നടത്തും. ഇത്തരത്തിൽ നടത്തുന്ന വിലപേശലിലൂടെ കോട്ടയം ഇടുക്കി വേണ്ടിവന്നാൽ പത്തനംതിട്ട സീറ്റുകൾ സ്വന്തമാക്കാമെന്നാണ് കേരള കോൺഗ്രസുകൾ പ്രതീക്ഷിക്കുന്നത്. ഇതുവഴി കോട്ടയം പാർലമെന്റ്  മണ്ഡലത്തിൽ കോൺഗ്രസ് ഉയർത്തുന്ന കാലുവാരൽ ഭീഷണി അതിജീവിക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ, കേരള കോൺഗ്രസ് മുന്നണി വിട്ട് മാണിക്കൊപ്പ്ം ചേരാൻ പി.സി തോമസ് വിഭാഗം ആലോചന തുടങ്ങിയതിനെ ഞെട്ടലോടെയാണ് ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വത്തിൽ കാണുന്നത്. അപ്രതീക്ഷിതമായി എൻഡിഎ മുന്നണി വിടാൻ കേരള കോൺഗ്രസ് തീരുമാനിച്ചതോടെ വീണ്ടും കേരളത്തിൽ ബിജെപി പ്രതിസന്ധിയിലായി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന മുന്നണിയാണ് ഇപ്പോൾ പ്രതിസന്ധിയിൽപ്പെട്ട് ഉഴറുന്നത്.