
സ്വന്തം ലേഖിക
കൊച്ചി :വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിന് തയ്യാറായി തന്നെയാണ് പി.സി.ജോര്‍ജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. തിരുവനന്തപുരം കോടതിയുടേത് സ്വഭാവിക നടപടി മാത്രമാണ്. നിയമത്തില്‍ നിന്ന് ഒളിച്ചോടില്ല. പിണറായി പൊലീസിനെ പേടിക്കില്ല. അതുകൊണ്ട് തന്നെ പാലാരിവട്ടത്തേക്കുള്ള യാത്രയില്‍ നിന്ന് പിന്മാറില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു ,
അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പൊലീസിന്റെ നോട്ടിസ് പി.സി.ജോര്‍ജ് ഇന്ന് കൈപ്പറ്റിയിരുന്നു. അല്‍പ്പ സമയത്തിനികം തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന.
പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമര്‍പ്പിച്ച സിഡി കോടതി നേരത്തേ പരിശോധിച്ചിരുന്നു. പി.സി.ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.









