പത്രങ്ങളിലും ചാനലുകളിലും വ്യഭിചാര ചർച്ച മാത്രം: ജനകീയ പ്രശ്‌നങ്ങൾ ആർക്കും അറിയേണ്ട; സമരത്തിനു പിന്നിൽ സഭയെ തകർക്കാനുള്ള ബ്ലാക്ക് മാസ്: കന്യാസ്ത്രീ സമരത്തിനും മാധ്യമങ്ങൾക്കുമെതിരെ പൊട്ടിത്തെറിച്ച് പി.സി ജോർജ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: പത്രങ്ങളിലും ചാനലുകളിലും നടക്കുന്നത് വ്യഭിചാര ചർച്ചകൾ മാത്രമാണെന്നു കേരള ജനപക്ഷം നേതാവ് പി.സി ജോർജ് എംഎൽഎ. ജനകീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്ക് താല്പര്യമില്ല. കേരളത്തെ ബാധിച്ച പ്രളയവും, തുടർന്നുണ്ടായ വരൾച്ചയും ഒന്നും മാധ്യമങ്ങളെ ബാധിക്കുന്നതേയില്ല. അവർക്ക് ബിഷപ്പ് ഫ്രാങ്കോയുടെ പീഡനവും, ബലാത്സംഗ വാർത്തകളും പെരുപ്പിച്ച് കാണിക്കുന്നതാണ് പണി. വെള്ളിയാഴ്ച കോട്ടയം പ്രസ്‌ക്ലബിൽ നടന്ന പത്രസമ്മേളനത്തിലാണ് പി.സി ജോർജ് കന്യാസ്ത്രീയ്‌ക്കെതിരായ തന്റെ നിലപാട് ശക്തമായി ഉന്നയിക്കുകയും, വീണ്ടും പൊട്ടിത്തെറിക്കുകയും ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്.
പീഡനത്തിനിരയായ കന്യാസ്ത്രീയെപ്പറ്റിയും സമരം ചെയ്യുന്നവരെപ്പറ്റിയുമുള്ള തന്റെ നിലപാടുകളിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. ആദ്യ തവണ ബിഷപ്പ് പീഡിപ്പിച്ചപ്പോൾ കന്യാസ്ത്രീയ്ക്ക് അറിയില്ലായിരുന്നു എന്ന് വയ്ക്കാം. എന്നാൽ, രണ്ടാം തവണ മുറിയിലേയ്ക്ക് വരാൻ നിർദേശിച്ചപ്പോൾ എന്തുകൊണ്ട് ഇവർ തനിച്ച് ആ മുറിയിലേയ്ക്ക് പോയി. മറ്റൊരു കന്യാസ്ത്രീയെയും ഒപ്പം കൂട്ടാൻ ഇവർ തയ്യാറായില്ല. പീഡനത്തിനു ഇരയായതായി ഇവർ പറയുന്നതിന്റെ തൊട്ടടുത്ത ദിവസം ബിഷപ്പിനൊപ്പം കന്യാസ്ത്രീ സന്തോഷത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയും, ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. തന്നെ ബലാത്സംഗം ചെയ്ത ആളോടൊപ്പം ഇത്തരത്തിൽ ഇരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിക്കാൻ സാധിക്കുമോ എന്നും ജോർജ് കന്യാസ്ത്രീയെപ്പറ്റി ചോദിക്കുന്നു.
കന്യാസ്ത്രീകളുടെ സമരത്തെപ്പറ്റി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. സഭയെ തകർക്കാനുള്ള സമരമാണ് നടക്കുന്നത്. സഭാ വിരുദ്ധമായ ബ്ലാക്ക് മാസ് സംഘം വരെ ഇതിനു പിന്നിലുണ്ട്. സമരപ്പന്തലിൽ ആളെ കൂട്ടുന്നതിന്റെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞവരെ വരെ സമരത്തിനായി എത്തിച്ചിട്ടുണ്ട്. ഇപ്പോൾ കൊച്ചിയിൽ നടക്കുന്ന സമരം ക്രൈസ്തവ സഭകളെയും, സന്യാസി സമൂഹത്തെയും, വൈദികരെയും അപമാനിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഒരു വിഭാഗം കന്യാസ്ത്രീകൾ നടത്തുന്ന സമരം സമൂഹത്തിനു തന്നെ അപമാനമാണെന്നും പി.സി ജോർജ് തുറന്നടിക്കുന്നു.
നിലവിലുള്ള ചോദ്യം ചെയ്യൽ പ്രകാരം ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാവില്ല. കന്യാസ്ത്രീയുടെ മൊഴിയിലും ഇതിനുള്ള തെളിവുകളില്ല. വെള്ളിയാഴ്ച കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ മൊഴി പ്രകാരം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇല്ലാതെ നിലവിൽ ബിഷപ്പിനെതിരെ യാതൊരു തെളിവുമില്ലെന്നും പി.സി ജോർജ് പറഞ്ഞു.