
കോട്ടയം: ഡിജിറ്റല്‍ പണമിടപാടു നടത്തുന്ന പേടിഎം വഴി അയച്ച പണം കൈമാറാതിരുന്നതിന് അക്കൗണ്ട് ഉടമയ്‌ക്കു 10,000 രൂപ നഷ്‌ടപരിഹാരവും കോടതിച്ചെലവും പേടിഎം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്‌തൃ തര്‍ക്ക പരിഹാരകമ്മിഷന്‍.
ആര്‍. ജോഷി എന്നയാള്‍ 2022 ഡിസംബര്‍ 12ന് തന്റെ ബിസിനിസ് പങ്കാളിയായ ലിനോള്‍ഫ് ജോസഫിന് അയച്ച 30,000 രൂപ പേടിഎം കൈമാറിയില്ല എന്ന പരാതിയിലാണു കമ്മിഷന്‍ നടപടി. ഇതുമൂലം ജോഷിക്ക് അധികമായി 30,000 രൂപ ചെലവിടേണ്ടിവന്നു എന്നു പരാതിയില്‍ പറയുന്നു.
പരാതിക്കാരന് 30,000 രൂപ ഒൻപതു ശതമാനം പലിശസഹിതവും 10,000 രൂപ നഷ്‌ടപരിഹാരവും 3500 രൂപ കോടതിച്ചെലവും എതിര്‍കക്ഷിയായ പേടിഎം അധികൃതര്‍ നല്‍കണമെന്ന് അഡ്വ വി.എസ്. മനുലാല്‍ പ്രസിഡന്റായും കെ.എം. ആന്റോ മെമ്പറായുമുള്ള കോട്ടയം ജില്ലാ ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ തെളിവെടുപ്പു നടത്തിയ കമ്മിഷന്‍ പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നു പണം കൈപ്പറ്റിയ പേടിഎം യഥാസമയം പണം കൈമാറുന്നതില്‍ വീഴ്‌ച വരുത്തിയെന്നു കണ്ടെത്തി. സംഭവത്തില്‍ ജോഷി നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതു പേടിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്നും കമ്മിഷന്‍ വിലയിരുത്തി.







