പോളിന്റെ സത്യസന്ധതയ്ക്ക് സമ്മാനം ടാബ് ലറ്റ് കമ്പ്യൂട്ടർ..! ഈരയിൽക്കടവിലെ റോഡരികിൽ കിടന്നു കിട്ടിയ ഒന്നര ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകി കെ.എസ്.ഇ.ബി ജീവനക്കാരൻ പോൾ; പോളിന് സമ്മാനമായി ടാബ്; പണം ഏറ്റുവാങ്ങിയത് വാകത്താനം സ്വദേശി; വീഡിയോ റിപ്പോർട്ട് കാണാം

മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി പോളിന് ടാബ് ലറ്റ് കൈമാറുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൈക്കുമ്പിൾ നിറയെ പണം കണ്ടിട്ടും കണ്ണുമഞ്ഞളിക്കാതെ, യഥാർത്ഥ ഉമടയ്ക്കു പണം തിരികെ നൽകിയ പോൾ എന്ന സാധാരണക്കാരന് സമ്മാനം. കെ.എസ്.ഇ.ബി നാട്ടകം വൈദ്യുതി സെക്ഷൻ ഓഫിസിലെ താല്ക്കാലിക ഡ്രൈവർ പോളിന്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ്, പോളിന്റെ സത്യസന്ധതയ്ക്കു സമ്മാനമായി ടാബ് നൽകിയത്. നാട്ടകം വൈദ്യുതി സെക്ഷനിലെ എ.ഇ സജീവാണ് പോളിനു ടാബ് വാങ്ങി നൽകിയത്. പോളിന്റെ സത്യസന്ധത തിരിച്ചറിഞ്ഞ്, പോളിന്റെ മകന്റെ പഠനാവശ്യത്തിനായി ടാബ് ലറ്റ് വാങ്ങി നൽകിയാണ് ഇദ്ദേഹം പോളിനെ ആദരിച്ചത്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. കെ.എസ്.ഇ.ബി ഓഫിസിലെ ഡ്രൈവറായ പോൾ ഓഫിസിലേയ്ക്കു പോകുന്നതിനിടെയാണ് ഈരയിൽക്കടവ് ബൈപ്പാസ് റോഡരികിൽ കിടന്ന് പൊതികിട്ടുകയായിരുന്നു. ഈ പൊതി തുറന്നു നോക്കിയപ്പോഴാണ് ഇതിനുള്ളിൽ ഒരു ലക്ഷത്തോളം രൂപയുണ്ടെന്നു കണ്ടത്. തുടർന്നു, ഇദ്ദേഹം ഈ പണം ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിനെ ഏൽപ്പിക്കുകയായിരുന്നു.

ബൈജു പോളിൽ നിന്നും പണം ഏറ്റുവാങ്ങുന്നു

ദിവസങ്ങളോളം പൊലീസ് ഈ തുക സ്റ്റേഷനിൽ തന്നെ ഭദ്രമായി സൂക്ഷിച്ചു. തുടർന്നു, കഴിഞ്ഞ ദിവസം ഈ പണത്തിന്റെ യഥാർത്ഥ ഉടമയായ വാകത്താനം സ്വദേശി ബൈജു പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്നു ഈ തുക എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിൽ ബൈജു ഏറ്റുവാങ്ങി. ബൈജു കോട്ടയം നഗരത്തിൽ നിന്നും പലിശയ്‌ക്കെടുത്ത പണമാണ് ഇത്തരത്തിൽ റോഡരികിൽ കളഞ്ഞു പോയത്.

കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വന്ന് പണം ഏറ്റുവാങ്ങിയ ബൈജു പിന്നീട് ബുധനാഴ്ച നാട്ടകം വൈദ്യുതി സെക്ഷൻ ഓഫിസിലെത്തി പോളിനെ കണ്ട് നന്ദിയും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോളിന്റെ സത്യസന്ധത തിരിച്ചറിഞ്ഞ് ഇതിനു സമ്മാനം നൽകണമെന്നു എ.ഇ തീരുമാനിച്ചത്. തുടർന്നു സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകി ടാബ് വാങ്ങി നൽകുകയായിരുന്നു.