അണികളിൽ ആവേശം നിറച്ച് മുഖ്യമന്ത്രി സ്ഥാനത്തിനൊരുങ്ങി ഉമ്മൻചാണ്ടി; അൻപതാം വാർഷികം കിരീടധാരണമാക്കാൻ ആവേശത്തോടെ കോൺഗ്രസ് പ്രവർത്തകർ; യുഡിഎഫിനും കോൺഗ്രസിനും പുത്തനുണർവേകി ഉമ്മൻചാണ്ടി വീണ്ടും സജീവമാകുന്നു

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: നിയമസഭാ പ്രവേശനത്തിന്റെ അൻപതാണ്ടിന്റെ ചെറുപ്പവുമായി കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ഉമ്മൻചാണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ നാലു വർഷം കോൺഗ്രസിന്റെ യാതൊരുവിധ സ്ഥാനവും ഏറ്റെടുക്കാതെ, സാധാരണ കോൺഗ്രസ് പ്രവർത്തകനായി അണികൾക്കൊപ്പം നാട് മുഴുവൻ ഓടി നടന്ന് സംഭരിച്ച ഊർജമാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായി ഉമ്മൻചാണ്ടി സംഭരിച്ചു വച്ചിരിക്കുന്നത്.

കോൺഗ്രസിൽ രാജ്യത്ത് തന്നെ ഏറ്റവും ജനകീയനായ നേതാവ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമാണ് ബാക്കി. അത് മറ്റാരുമല്ല, പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്ന ഉമ്മൻചാണ്ടി തന്നെയാണ്. ഈ ജനകീയത തന്നെയാണ് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും കേരളത്തിൽ അധികാരത്തിൽ എത്തുമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആവേശത്തിന്റെ ഉറപ്പ്. സാധാരണക്കാർക്കു വേണ്ടി, സാധാരണക്കാരനായി സാധാരണക്കാരന്റെ നേതാവായാണ് അഞ്ചു വർഷം ഉമ്മൻചാണ്ടി കേരളം ഭരിച്ചത്.

ഉമ്മൻചാണ്ടി തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിക്കുന്നതിനെയാണ് യു.ഡി.എഫിലെ ഘടകക്ഷികൾ പിൻതുണയ്ക്കുന്നതും. മുസ്ലീം ലീഗാണ് ഉമ്മൻചാണ്ടിയെ ഏറ്റവുമധികം പിൻതുണയ്ക്കുന്നത്. കേരള കോൺഗ്രസ് കൂടി മുന്നണി വിട്ടതോടെ 30 സീറ്റാണ് മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. കുഞ്ഞാലിക്കുട്ടിയും ഉമ്മൻചാണ്ടിയും ചേർന്നുള്ള സഖ്യമാകും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുക.

അതുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ സജീവമായ തിരിച്ചു വരവിനെ കോൺഗ്രസ് പ്രവർത്തകർ അന്ത്യന്തം ആവേശത്തോടെ തന്നെ സ്വീകരിക്കുന്നത്. ദേശീയ തലത്തിൽ തന്നെ പ്രതിസന്ധിയിലായ കോൺഗ്രസിന് കേരളത്തിൽ ഭരണം ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഭരണം പിടിക്കാൻ ഉമ്മൻചാണ്ടിയുടെ അല്ലാതെ മറ്റൊരു നേതാവിന്റെ പേര് കോൺഗ്രസിനു ചൂണ്ടിക്കാട്ടാനും ഇല്ല.