
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ നരബലി കൊടുത്ത് കുടുംബം. മകന്റെ അസുഖം മാറാൻ മകളെ നരബലി നടത്തിയ മാതാവും കാമുകനും ദുർമന്ത്രവാദിയും അറസ്റ്റിലായി.
.മാർച്ച് 24 ന് രാത്രി കുസുംഭ ഗ്രാമത്തില്‍ മംഗള ജൂലസ് (രാമനവമി ഘോഷയാത്ര) വേളയില്‍ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിറ്റേന്ന് രാവിലെ 8.30 ഓടെ ഒരു പ്രാദേശിക മിഡില്‍ സ്കൂളിന് പിന്നിലെ മുളങ്കാടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് 35കാരിയായ രശ്മി ദേവി, ദുർമന്ത്രവാദിയായ ശാന്തി ദേവി, 40കാരനായ ഭീം റാം എന്നിവരാണ് അറസ്റ്റിലായത്. ഗ്രാമവാസികള്‍ രാമനവമി ആഘോഷിക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായെന്നും പിറ്റേദിവസം രാവിലെ പെണ്‍കുട്ടിയെ മൃതദേഹം സ്കൂളിന് സമീപത്തെ മുളങ്കാടിനുള്ളില്നിന്നും കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പ്രദേശവാസിയായ ഒരു ധനേശ്വർ പാസ്വാന്റെ പേരില്‍ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാർഖണ്ഡ് ഡി.ജി.പിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. എന്നാല്‍, പൊലീസിന്റെ അന്വേഷണം മറ്റൊരു വഴിത്തിരിവിലെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കുടുംബത്തിന്റെ അയല്‍വാസിയായ ദുർമന്ത്രവാദം ഉള്‍പ്പെടെ ചെയ്യുന്ന 55കാരിയായ ശാന്ത ദേവി എന്ന സ്ത്രീ പെണ്‍കുട്ടിയുടെ മാതാവിനെ മകന്റെ അസുഖം മാറാനും കുടുംബത്തിന്റെ പ്രശ്നങ്ങള്‍ മാറാനും നരബലി ആവശ്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് കന്യകയായ പെണ്‍കുട്ടിയെ ബലി നല്കാൻ ആവശ്യപ്പെടുകയും മകളായ 13കാരിയെ ബലിനടത്താൻ നിർബന്ധിക്കുകയും ചെയ്തു.
തുടർന്ന് മൂന്നുമാസത്തോളം കുട്ടിയുടെ മാതാവ് ഇവരുടെ നിർദേശം അനുസരിച്ചു കൊണ്ടിരുന്നു. തുടർന്ന് ദുർഗാഷ്ടമി ദിനത്തില്‍ നരബലി നടത്താൻ അമ്മയോട് ആവശ്യപ്പെടുകയുമായിരുന്നു.
സംഭവം നടക്കുന്ന ദിവസം പൂജയുണ്ടെന്ന് വിശ്വസിപ്പിച്ച് അമ്മയും കാമുകൻ ഭീം രാമും ചേർന്ന് പെണ്‍കുട്ടിയെ ശാന്തദേവിയുടെ വീട്ടിലെത്തിച്ചു. പൂജകള്‍ക്ക് ശേഷം പെണ്‍കുട്ടിയെ അമ്മയും കാമുകനും ആള്‍ദൈവവും ചേർന്ന് മുളങ്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
തുടർന്നായിരുന്നു ക്രൂരമായ കൊല നടത്തിയത്.
അവിടെവെച്ച് ഭീം റാം പെണ്‍കുട്ടിയുടെ കഴുത്തുഞെരിച്ചു. അമ്മ കാലില്‍ പിടിച്ചുവെക്കുകയും ചെയ്തു. ഇതിനിടെ, ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടെന്ന് വരുത്തിതീർക്കാൻ ആള്‍ദൈവം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ആക്രമിച്ചു. പിന്നീട് ആചാരത്തിനായി ഭീം റാം കുട്ടിയുടെ തല ഇടിച്ചുപൊട്ടിച്ച് രക്തം ശേഖരിക്കുകയായിരുന്നു.
മൃതദേഹം അവിടെതന്നെ ഉപേക്ഷിച്ചശേഷം മൂവരും മടങ്ങിയെന്നും പൊലീസ് പറഞ്ഞു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഭീം റാം തന്റെ സഹോദരഭാര്യയെയും മറ്റൊരാളെയും കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അന്ധവിശ്വാസവും ദോഷകരമായ അന്ധവിശ്വാസങ്ങളും ഉയർത്തുന്ന അപകടങ്ങളുടെ ഭയാനകമായ ഉദാഹരണമായിട്ടാണ് പോലീസ് ഈ കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്







