
തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരും. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെയും 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്തേക്കാം. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ വടക്കൻ-തെക്കൻ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിലും അതിശക്തമായ മഴയുണ്ടായേക്കും. ഇതിനു പുറമെ, ലക്ഷദ്വീപിൽ ജൂൺ 21ഓടെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.






