
ഒഴിവു വരുന്ന എഡിഎം തസ്തികയിലേക്ക് എതിരാളിയെ വെട്ടാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആയുധമാക്കിയത് ഏഴു കൊല്ലം മുന്‍പുള്ള കോഴ പരാതി: വിജിലന്‍സ് ഇടപെടലില്‍ എതിരാളിക്ക് സസ്പെന്‍ഷന്‍: എതിരാളിയെ വെട്ടിയതോടെ ഇനി എതിരില്ലാ നിയമനം; വിവിത്രമായൊരു സര്‍വീസ് പാരയുടെ കഥ
സ്വന്തം ലേഖിക
പത്തനംതിട്ട: ജില്ലയില്‍ അടുത്തു തന്നെ ഒഴിവു വരുന്ന എഡിഎം തസ്തികയിലേക്ക് കയറിപ്പറ്റാന്‍ ഒരേ സീനിയോറിറ്റിയുള്ള രണ്ടു ഡെപ്യൂട്ടി കളക്ടര്‍മാര്‍ നടത്തിയ പാര വയ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഏഴു വര്‍ഷം മുന്‍പുള്ള കോഴ പരാതി ഇപ്പോള്‍ കുത്തിപ്പൊക്കി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ച് എതിരാളിയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇതിലൊരാളുടെ തന്ത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ഭൂമിയിലെ പാറകൈയേറ്റവും ഖനനവും കണ്ടെത്തുന്നതിന് ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ നടത്തുന്നതിനിടെ ഖനനം തടസപ്പെടുത്താതിരിക്കാന്‍ ക്രഷര്‍ യൂണിറ്റ് ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്നു വര്‍ഷത്തിന് ശേഷം വിജിലന്‍സ് കേസെടുത്തിരിക്കുകയാണ്.
കേസില്‍ പ്രതികളായ പത്തനംതിട്ട ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയര്‍ ഗ്രേഡ് -ഒന്ന് ആര്‍ രമേഷ്‌കുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.
വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ ബിജു സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
2014 ല്‍ വള്ളിക്കോട് വില്ലേജിലെ ജെ ആന്‍ഡ് എസ് ആന്‍ഡ് അമ്പാടി ഗ്രാനൈറ്റ്‌സിന്റെ ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ ഷൈനും രമേഷും ചേര്‍ന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. പാറമട ഉടമ അമ്പാടി സദാനന്ദന്‍ അന്ന് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയുമുണ്ടായില്ല.
കുപിതനായ ക്വാറി ഉടമ പത്രസമ്മേളനം വിളിച്ച് താന്‍ കൈക്കൂലി നല്‍കിയ തുകയുടെയും കണക്കും അതു വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരും പുറത്തു വിട്ടിരുന്നു. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. അന്നൊന്നും നടക്കാത്ത അന്വേഷണം ഇപ്പോള്‍ നടന്നതിന്റെ ഞെട്ടലിലാണ് പരാതിക്കാരന്‍ അടക്കമുള്ളവര്‍.
കാരണം, അന്നത്തെ പരാതി ക്വാറി ഉടമയും ആരോപണ വിധേയരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തു തീര്‍പ്പാക്കിയിരുന്നു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥരെ തിരികെ ജില്ലയില്‍ നിയമിക്കാന്‍ സിപിഐയുടെ ജില്ലാ നേതാവിനോട് അടക്കം സമ്മര്‍ദം ചെലുത്തിയത് ക്വാറി ഉടമയാണെന്നതാണ് ഏറെ വിചിത്രം.
ഏഴു വര്‍ഷത്തിന് ശേഷം വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് ഇതേപ്പറ്റി അന്വേഷണം നടത്തുകയും കഴിഞ്ഞ ഒക്ടോബര്‍ 13 ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കണ്ടാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ കത്തു നല്‍കിയത്.
എന്നാൽ വിജിലന്‍സിന്റെ പെട്ടെന്നുള്ള ബോധോദയത്തിന്റെ കാരണമാണ് കലക്ട്രേറ്റിലുള്ളവര്‍ക്ക് പിടികിട്ടാത്തത്. എന്നാല്‍ ഇത് എഡിഎം തസ്തിക നോട്ടമിട്ടുള്ള പണിയാണെന്ന വാര്‍ത്ത കളക്ടറേറ്റ് മുഴുവന്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എഡിഎം തസ്തികയിലേക്ക് കയറാനിരിക്കുന്ന പിആര്‍ ഷൈനിനെ വെട്ടിയതോടെ ഇനി അവകാശവാദം ഒരു ഉദ്യോഗസ്ഥന് മാത്രമായി ചുരുങ്ങും.