play-sharp-fill
പാസ്‌പോർട്ട് വേരിഫിക്കേഷനു മാന്യനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അകത്തായി; വേരിഫിക്കേഷൻ കഴിഞ്ഞതോടെ യുവാവ് പ്രതിയായി; പിന്നെ, വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നു മടങ്ങിയത് കയ്യിൽ വിലങ്ങുമായി 

പാസ്‌പോർട്ട് വേരിഫിക്കേഷനു മാന്യനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അകത്തായി; വേരിഫിക്കേഷൻ കഴിഞ്ഞതോടെ യുവാവ് പ്രതിയായി; പിന്നെ, വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നു മടങ്ങിയത് കയ്യിൽ വിലങ്ങുമായി 

ക്രൈം ഡെസ്‌ക്

കോട്ടയം: പാസ്‌പോർട്ട് വേരിഫിക്കേഷനു പൊലീസ് വിളിച്ചത് അനുസരിച്ച് സ്റ്റേഷന്റെ പടികടന്നെത്തിയ യുവാവ് മടങ്ങിയത് കയ്യിൽ വിലങ്ങുമായി. ആലപ്പുഴയിൽ നിന്നും മൂന്നു വർഷം മുൻപ് മുങ്ങി, കോട്ടയം ജില്ലയിലെ വാകത്താനത്ത് എത്തി ‘മാന്യമായി ജീവിച്ചിരുന്ന’ കള്ളനാണ് പൊലീസിന്റെ കെണിയിൽ കുടുങ്ങി അകത്തായത്.


ആലപ്പുഴയിലെ രണ്ടു പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വാകത്താനം ഇരവുചിറ വെള്ളത്തടത്തിൽ വീട്ടിൽ താമസിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരി ചുടുകാട്ടുപുരം അഞ്ജു നിവാസിൽ അമൽദേവിനെയാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ച് അകത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടര വർഷം മുൻപാണ് അമൽദേവ് കോട്ടയം ജില്ലയിലെ വാകത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാൻ എത്തിയത്. വാകത്താനം ഞാലിയാകുഴി ഭാഗത്ത്, റോഡരികിൽ തട്ടുകട നടത്തിയും കുടുംബവുമായി മാന്യമായി ജീവിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ഇദ്ദേഹത്തിന് പാസ്‌പോർട്ട് സ്വന്തമാക്കണമെന്ന ആഗ്രഹം ഉദിച്ചത്.

വാകത്താനത്ത് താമസിച്ചിരുന്ന രണ്ടര വർഷവും, ഇയാൾ താമസിച്ചിരുന്നത് ഞാലിയാകുഴി ഭാഗത്തായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഇയാൾ ആറു മാസം മുൻപ് മാത്രമാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിയത്. പാസ്‌പോർട്ടിന് അപേക്ഷ നൽകും മുൻപ് തന്നെ പൊലീസിനു ഇയാളുടെ ഇടപാടുകളിൽ സംശയം തോന്നിയിരുന്നു. അമൽദേവിന് കഞ്ചാവും, മറ്റ് അനധികൃത ഇടപാടുകളും ഉണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ വീട് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല.

വാകത്താനത്തെ വിലാസത്തിൽ ആധാർ കാർഡ് ഉണ്ടാക്കി, രേഖകളെല്ലാം തയ്യാറാക്കി പാസ്‌പോർട്ടിന് കൊടുത്തതോടെയാണ് പൊലീസിനും സംശയം ഉദിച്ചത്. ഇയാളുടെ പെരുമാറ്റത്തിൽ അടക്കം സംശയം തോന്നിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അതുൽ, അമൽദേവിനോടു സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു.

സ്‌റ്റേഷനിൽ എത്തിയ അമൽദേവ് ആലപ്പുഴയിലെ വിലാസം പറയാൻ തയ്യാറായില്ല. പല തവണ ചോദിച്ചെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് പൊലീസ് വിരലടയാളം അടക്കം ശേഖരിക്കും എന്ന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് അച്ഛന്റെ പേരും വിവരങ്ങളും പറഞ്ഞത്. തുടർന്ന്, പൊലീസ് അച്ഛന്റെ പേരും വിവരവും അടക്കമുള്ളവ ശേഖരിച്ച ശേഷം ആലപ്പുഴ ജില്ലാ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഇതോടെയാണ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അമലാണ് വാകത്താനത്ത് ഒളിവിൽ താമസിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന്, ഇയാളെ ആലപ്പുഴ പൊലീസിനു കൈമാറി.

ആലപ്പുഴയിലെ രണ്ടു പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ക്രിമിനൽക്കേസ് ഉണ്ട്. കഞ്ചാവ് കച്ചവടം, ഗുണ്ടാ ആക്രമണം, മോഷണം എന്നീ കേസുകളിൽ പ്രതിയാണ് ഇയാൾ.