play-sharp-fill
പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോൺഗ്രസ്: മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കുന്നു; കോട്ടയത്ത് ഉമ്മൻചാണ്ടി സ്ഥാനാർത്ഥി; പുതുപ്പള്ളിയിൽ ജോഷി ഫിലിപ്പിനെ പരിഗണിക്കുന്നു

പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കോൺഗ്രസ്: മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കുന്നു; കോട്ടയത്ത് ഉമ്മൻചാണ്ടി സ്ഥാനാർത്ഥി; പുതുപ്പള്ളിയിൽ ജോഷി ഫിലിപ്പിനെ പരിഗണിക്കുന്നു

ശ്രീകുമാർ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി കോൺഗ്രസും യുഡിഎഫും. ഇരുപത് നിയോജക മണ്ഡലങ്ങളുടെയും കൺവൻഷനുകളും പൂർത്തിയാക്കി, സ്ഥാനാർത്ഥി നിർണ്ണയത്തിലേയ്ക്ക് കോൺഗ്രസ് കടക്കുകയാണെന്നാണ് സൂചന. കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ നേതൃത്വം പൂർണമായും ഏറ്റെടുത്ത് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി തന്നെ കോട്ടയം സീറ്റിൽ മത്സരിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നും പരമാവധി സീറ്റ് സമാഹരിക്കുന്നതിനു ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ മുന്നിൽ നിൽക്കണമെന്ന നിർദേശമാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടി മത്സരിച്ചാൽ കേരള കോൺഗ്രസ് കോട്ടയം സീറ്റ് വിട്ടു നൽകാൻ സന്നദ്ധമായേക്കുമെന്നും സൂചനയുണ്ട്.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നിന്നു കോൺഗ്രസിനും യുഡിഎഫിനും ലഭിക്കുന്ന സീറ്റുകളാണ് ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പിനെ വളരെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കാണുന്നത്. ഉമ്മൻചാണ്ടി തന്നെ സ്ഥാനാർത്ഥിയായി രംഗത്ത് എത്തി കോൺഗ്രസിനു സംസ്ഥാനത്ത് നേതൃത്വം നൽകണമെന്ന നിർദേശം പുറപ്പെടുവിച്ചത് എ.കെ ആന്റണി തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഉമ്മൻചാണ്ടി പാർലമെന്റിലേയ്ക്ക് മത്സരിച്ചാൽ നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റിൽ വിജയം ഉറപ്പാണ്. കാൽനൂറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ ഉറച്ച സീറ്റായ പുതുപ്പള്ളിൽ ഉപതിരഞ്ഞെടുപ്പ് നടന്നാലും വിജയത്തിൽ കുറഞ്ഞുള്ള മറ്റൊരു സാധ്യതയും നിലവിലില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ശക്തമായ പ്രാചരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കോട്ടയം സീറ്റ് കേരള കോൺഗ്രസ് വിട്ടു നൽകിയാൽ പകരം ഇടുക്കിയോ പത്തനംതിട്ടയോ പകരം നൽകേണ്ടി വന്നേയ്ക്കും. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഉമ്മൻചാണ്ടി പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഒഴിവു വരുന്ന പുതുപ്പള്ളി സീറ്റിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ഡിസിസി പ്രസിഡന്റുമായ ജോഷി ഫിലിപ്പിനാണ് പ്രാഥമിക പരിഗണനയുള്ളത്. മുൻ വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോഷി പുതുപ്പള്ളിയിലെ ജനകീയ മുഖം കൂടിയാണ്. ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പമുള്ള ജോഷി ഫിലിപ്പിനെ പുതുപ്പള്ളിയിൽ പരിഗണിക്കുന്നത് വിജയസാധ്യത വർധിപ്പിക്കും. ഉമ്മൻചാണ്ടിയെ കൂടാതെ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. മലബാർ മേഖലയിലെ ഏതെങ്കിലും സീറ്റിൽ സുധീരനെ മത്സരിപ്പിച്ച് മലബാറിലെ സിപിഎം മേധാവിത്വം തകർക്കാനാണ് ശ്രമം.
ഇതിനിടെ കോട്ടയം സീറ്റ് വിട്ട് നൽകുന്നതിനെതിരെ കേരള കോൺഗ്രസിലെ ഒരു വിഭാഗത്തിനു എതിർപ്പുണ്ട്. ജോസ് കെ.മാണി രാജ്യസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വരുന്ന കോട്ടയം സീറ്റിലേയ്ക്ക് കേരള കോൺഗ്രസ് പരിഗണിക്കുന്നത് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കൂടിയായ സജി മഞ്ഞക്കടമ്പന്റെ പേരാണ്. ശനിയാഴ്ച വൈകിട്ട് ചേരുന്ന യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കൺവൻഷനിൽ ഈ വിഷയങ്ങളെല്ലാം ചർച്ചയ്ക്ക് വരുമെന്ന് ഉറപ്പാണ്. ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയായി എത്തുമെന്ന ആവേശത്തിലാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും അണികൾ.