play-sharp-fill
ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാസാക്കി പാര്‍ലമെന്റ്; എതിര്‍ത്തത് അഞ്ച് അംഗങ്ങൾ

ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാസാക്കി പാര്‍ലമെന്റ്; എതിര്‍ത്തത് അഞ്ച് അംഗങ്ങൾ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാർലമെന്‍റ് പാസാക്കി. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയിൽ 115 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങൾ മാത്രമാണ് ഇടക്കാല ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തത്.

ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓൾ സിലോൺ തമിഴ് കോൺഗ്രസിന്‍റെ രണ്ട് എംപിമാരും ഇടക്കാല ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) 2.9 ബില്യൺ ഡോളർ ധനസഹായം സ്വീകരിച്ച ശേഷമാണ് പ്രസിഡന്‍റ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ദുർബല വിഭാഗങ്ങളെ സഹായിക്കാൻ നികുതി പരിഷ്കരണം ഉണ്ടാകുമെന്ന് ബജറ്റിൽ പറയുന്നു.

ആദായനികുതി, മൂല്യവർധിത നികുതി (വാറ്റ്), ടെലികമ്മ്യൂണിക്കേഷൻ ലെവി, വാതുവെപ്പ്, ഗെയിമിംഗ് ലെവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നികുതി പരിഷ്കാരങ്ങൾ ഇടക്കാല ബജറ്റിലുണ്ട്. ഈ വർഷം സെപ്റ്റംബർ 1 മുതൽ വാറ്റ് നിരക്ക് നിലവിലെ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തും. കഴിഞ്ഞ വർഷം ജൂണിൽ വാറ്റ് 8 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയിരുന്നു. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നികുതി പരിഷ്കരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group