പറവൂരിൽ തെരുവുനായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊന്ന സംഭവം: രണ്ട് സ്ത്രീകൾക്കെതിരെ കേസ്; ചുമത്തിയിരിക്കുന്നത് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ
സ്വന്തം ലേഖകൻ
പറവൂർ: പറവൂരിൽ തെരുവുനായയുടെ കുഞ്ഞുങ്ങളെ തീവച്ച് കൊന്ന സംഭവത്തിൽ രണ്ടു സ്ത്രീകൾക്കെതിരേ കേസ്. മൃഗങ്ങൾക്കെതിരെ ക്രൂരപെരുമാറ്റമെന്ന വകുപ്പ് പ്രകാരമാണ് കേസ്. മാഞ്ഞാലി ഡൈമൺമുക്ക് പുതുമാടശേരി മേരി, ചാണയിൽ ലക്ഷ്മി എന്നിവർക്കെതിരെ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് ആലുവ വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബർ നാലിനായിരുന്നു നാടിനെ നടുക്കിയ ക്രൂരസംഭവം നടന്നത്. ഏഴ് കുഞ്ഞുങ്ങളുമായി മേരിയുടെ വീടിനു സമീപം പറമ്പിൽ കഴിഞ്ഞിരുന്ന നായ്ക്കും കുഞ്ഞുങ്ങൾക്കുമെതിരെയായിരുന്നു ക്രൂരത. പന്തം ഉപയോഗിച്ച് ഇവയെ തീവെച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊള്ളലേറ്റ കുഞ്ഞുങ്ങളെ സ്ത്രീകൾ തന്നെ നീക്കം ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദയ പ്രവർത്തകൻ പൊള്ളലേറ്റ നിലയിൽ തെരുവോരത്ത് കണ്ടെത്തിയ തള്ളനായയെ പറവൂർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
ബന്ധുവീട്ടിലായിരുന്ന തന്നെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പ്രസവിച്ചു കിടന്ന നായ ആക്രമിക്കാൻ വന്നുവെന്നും തുടർന്ന് ഭയപ്പെടുത്താനായി ചൂട്ടു കത്തിച്ച് പേടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്ത്രീകളുടെ വിശദീകരണം.സംഭവം പുറംലോകമറിഞ്ഞതോടെ “ദയ’ എന്ന സംഘടനയുടെ ഭാരവാഹികൾ പോലീസിൽ പരാതി നൽകി. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചത്ത നായ്ക്കുഞ്ഞുങ്ങളെ കുഴിച്ചിട്ടടത്തുനിന്നും തിരിച്ചെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി പോലീസിൽ അപേക്ഷ നൽകുമെന്ന് സംഘടന ഭാരവാഹികളായ ടി.ജെ. കൃഷ്ണൻ, പി.ബി. രമേഷ്കുമാർ എന്നിവർ പറഞ്ഞു.