താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രധാന പ്രതിയെന്നു സംശയിക്കുന്നയാൾ കസ്റ്റഡിയിൽ; മോഷ്ടിക്കപ്പെട്ട കാർ ആലപ്പുഴ ജില്ലയിലുണ്ടെന്നും സൂചന
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തി കാറുമായി കടന്ന കേസിൽ പ്രധാനപ്രതി കസ്റ്റഡിയിൽ എന്നു സൂചന. കുടുംബവുമായി ഏറെ അടുപ്പമുള്ള കുമരകം ചെങ്ങളം സ്വദേശിയെയാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിയിരിക്കുന്നത്. ഇയാൾ ആലപ്പുഴ ജില്ലയുടെ ഭാഗത്തേയ്്ക്കു കാറുമായി പോകുന്നതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീടിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഷീബ മരിച്ചിരുന്നു. മുഹമ്മദ് സാലി ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഷീബയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ചെങ്ങളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പാറപ്പാടത്തു നിന്നും സംഭവ ദിവസം രാവിലെ കാറുമായി പുറപ്പെട്ട പ്രതി ആലപ്പുഴ ജില്ലയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ പമ്പിൽ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.
പ്രതിയെന്നു സംശയിക്കുന്ന ആളുമായി കൊല്ലപ്പെട്ട ഷീബയ്ക്കു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. എന്നാൽ, ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഒന്നും പൊലീസിനു ലഭിച്ചിട്ടില്ല. ഷീബ ഇയാളിൽ നിന്നും പണം കടംവാങ്ങിയിരുന്നതായും, ഈ തുക തിരികെ നൽകാതിരുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായതായുമാണ് പൊലീസിന്റെ നിഗമനം. ഏതെങ്കിലും രീതിയിൽ ഷീബ ഇയാളുമായി വാക്കേറ്റത്തിനോ , തർക്കത്തിനോ ഇടയാക്കിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ദമ്പതിമാരുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന എട്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ നാഗമ്പടത്തെ കട വാടകയ്ക്കു എടുത്തിരുന്ന ആളെയും, ചിട്ടി – ബ്ലേഡ് പിരിവ് നടത്തിയിരുന്ന ആളെയും അടക്കമുള്ള എട്ടു പേരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവരിൽ ആർക്കും നേരിട്ടു കേസുമായുള്ള ബന്ധം തെളിയിക്കാനുള്ള തെളിവുകൾ പൊലീസിനു ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നാളെ ഉച്ചയോടെ കേസ് സംബന്ധിച്ചു പൊലീസിനു വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.