പാട്ടത്തിന് പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകർ പ്രതിസന്ധിയിൽ: വിലയില്ല , വിളവെടുക്കാൻ തൊഴിലാളികളുമില്ല.

Spread the love

കോട്ടയം: വില കുറഞ്ഞെന്നു മാത്രമല്ല വിളവെടുക്കാൻ തൊഴിലാളികളുമില്ല. പൈനാപ്പിൾ കർഷകരാണ് ഇപ്പോൾ ഏറെ പ്രതിസന്ധി നേരിടുന്നത്.
രണ്ടു മാസം മുമ്പ്‌ 60 രൂപ വരെ എത്തിയ വിലയാണ്‌ കുത്തനെ ഇടിഞ്ഞത്‌. ഇപ്പോള്‍ 30-33 രൂപയാണ്‌ കര്‍ഷകര്‍ക്കു ലഭിക്കുന്നത്‌.

video
play-sharp-fill

കൂടുതല്‍ അളവില്‍ നല്‍കുന്ന വന്‍കിട കര്‍ഷകര്‍ക്കു മാത്രമാണ്‌ ഈ വില ലഭിക്കുന്നത്‌. ചെറിയ അളവില്‍ നല്‍കുന്ന കര്‍ഷകര്‍ക്ക്‌ ശരാശരി 25 രൂപയാണ്‌ ലഭിക്കുന്നത്‌. പഴത്തിനാണ്‌ ഈ വില ലഭിക്കുക, പച്ചയ്‌ക്കു പിന്നെയും വില കുറയും.
വേനല്‍ മഴ ലഭിച്ചതിനാല്‍ താരതമ്യേന മികച്ച വിളവ്‌ ലഭിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ വന്‍ പ്രതീക്ഷയിലായിരിക്കേയാണു വന്‍ തിരിച്ചടി.

നാട്ടിലും ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെയും ചൂട്‌ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൈനാപ്പിള്‍ ഡിമാന്റും വിലയും ഉയരേണ്ടതാണ്‌. എന്നാല്‍, പാചക വാതക പ്രതിസന്ധിയെത്തുടര്‍ന്നു ഹോട്ടലുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം നിര്‍ത്തിയത്‌ തിരിച്ചടിയായിട്ടുണ്ട്‌. പഴം സംഭരണ കേന്ദ്രങ്ങള്‍ പലതും അടച്ചതും തിരിച്ചടിയായി. മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണ്‌ വിളവെത്തിയ പച്ച പൈനാപ്പിള്‍ കൂടുതലായി കയറ്റി അയയ്‌ക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധ പശ്‌ചാത്തലത്തില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതും വന്‍ തിരിച്ചടിയായി. സീസണ്‍ ആരംഭിച്ചതിനാല്‍ മാമ്പഴം അന്യസംസ്‌ഥാനങ്ങളിലേക്കും ജില്ലയിലേക്കും വ്യാപകമായി എത്തിത്തുടങ്ങിയതും പൈനാപ്പിള്‍ ഡിമാന്റ്‌ കുറയാന്‍ കാരണമായി.

അതേസമയം, അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങുന്നത്‌ വിളവെടുപ്പിനെയും ബാധിക്കുന്നുണ്ട്‌. പല വലിയ തോട്ടങ്ങളിലും മൂപ്പെത്തിയ പൈനാപ്പിള്‍ മുറിച്ചെടുക്കാതെ നശിച്ചു പോകുകയാണ്‌. തൊഴിലാളികള്‍ തിരികെ എത്തുമ്പോഴേക്കും ഇവയിലേറെയും നശിക്കുകയും ചെയ്യും.

സ്‌ഥലം പാട്ടത്തിനെടുത്തു കൃഷിയിറക്കുന്ന ചെറുകിട കര്‍ഷകരാണ്‌ ജില്ലയിലേറെയും. ഏക്കറിന്‌ 3- 4 ലക്ഷം രൂപ ചെലവാകുമെന്നു കര്‍ഷകര്‍ പറയുന്നു. കിലോഗ്രാമിനു ശരാശരി 50 രൂപ ലഭിച്ചാല്‍ മാത്രമേ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്നു കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ കിട്ടുന്ന വില പണിക്കൂലിക്കു പോലും തികയാത്ത അവസ്‌ഥയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.