പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും സിപിഎം പ്രസിഡന്റ്: കോൺഗ്രസും എൻഡിഎയും വിട്ടു നിന്നപ്പോൾ ഇടതിന് വീണ്ടും സുഖ ഭരണം; ബിജെപിയുമായി സഖ്യമെന്ന ആരോപണം ഉന്നയിച്ച് ഇരുപക്ഷവും

പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും സിപിഎം പ്രസിഡന്റ്: കോൺഗ്രസും എൻഡിഎയും വിട്ടു നിന്നപ്പോൾ ഇടതിന് വീണ്ടും സുഖ ഭരണം; ബിജെപിയുമായി സഖ്യമെന്ന ആരോപണം ഉന്നയിച്ച് ഇരുപക്ഷവും

Spread the love

സ്വന്തം ലേഖകൻ

പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്തിൽ രണ്ടു മാസത്തിനു ശേഷം വീണ്ടും സിപിഎം ഭരണം. അവിശ്വാസ പ്രമേയത്തിലൂടെ കോൺഗ്രസ് പുറത്താക്കിയ സിപിഎം അംഗം ഇ.ആർ സുനിൽകുമാർ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും എൻഡിഎ അംഗങ്ങളും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതോടെയാണ് ഇടതു മുന്നണിയ്ക്ക് വീണ്ടും ഭരണം പിടിക്കാനുള്ള സാഹചര്യമുണ്ടായത്.
ആഗസ്റ്റ് 30 നാണ് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടർന്നു സിപിഎം പ്രസിഡന്റ് ഇ.ആർ സുനിൽകുമാറും, വൈസ് പ്രസിഡന്റ് അനില വിജുവിനും സ്ഥാനം നഷ്ടമായത്. ഇതേ തുടർന്ന് രണ്ട് തവണ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും, വിവിധ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടന്നില്ല. ഏറ്റവും ഒടുവിലാണ് ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് നടത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ 22 നായിരുന്നു ആദ്യം തിരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, വരണാധികാരിയായ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നടപടികളാണ് തിരഞ്ഞെടുപ്പ് വൈകിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച ഇമെയിൽ ലഭിച്ചില്ലെന്ന് വരണാധികാരി പ്രഖ്യാപിച്ചതോടെയാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കാതെ പോയത്. തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ഏഴു ദിവസം മുൻപ് പഞ്ചായത്ത് അംഗങ്ങൾക്ക് നോട്ടീസ് നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇത് നടപ്പാകാതെ വന്നതോടെയാണ് വോട്ടെടുപ്പ് നീണ്ടു പോയത്. ഇതേ തുടർന്ന് വരണാധികാരിയ്‌ക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വരണാധികാരിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ താക്കീതും ചെയ്തിരുന്നു.
തുടർന്ന് ഒക്ടോബർ 25 നു വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുകയായിരുന്നു. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് തന്നെ വരണാധികാരിയായതിൽ പ്രതിഷേധിച്ച് 25 ന് കോൺഗ്രസ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. പാർട്ടി വിപ്പ് അനുസരിച്ച് ബിജെപി – ബിഡിജെഎസ് അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇതേ തുടർന്ന് ക്വാറം തികയാതെ വന്നതോടെ 25 ന് വോട്ടെടുപ്പ് നടന്നില്ല. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വോട്ടെടുപ്പ് ആരംഭിക്കാൻ എത്തിയപ്പോഴും കോൺഗ്രസ് – ബിജെപി അംഗങ്ങൾ ബഹിഷ്‌കരണം തുടർന്നു. തുടർച്ചയായ രണ്ടാം ദിവസവും കോറം തികഞ്ഞില്ലെങ്കിൽ വോട്ടെടുപ്പ് നടത്താമെന്ന കമ്മിഷന്റെ ചട്ടം അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. സിപിഎമ്മിന്റെ എട്ടും, സിപിഐയുടെ രണ്ടും അംഗങ്ങൾ മാത്രമാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. അതുകൊണ്ടു തന്നെ പഞ്ചായത്ത് അംഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയ്ക്ക് മൂന്നും, ബിഡിജെഎസിന് ഒന്നും കോൺഗ്രസിന് ഒൻപതും അംഗങ്ങളാണ് 23 അംഗ പഞ്ചായത്തിലുള്ളത്.